ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ കുറ്റവിമുക്തനാക്കിയ ഷിക്കാഗോ കോടതിയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ. ഹെഡ്‌ലിയെ റാണ സഹായിച്ചിരുന്നുവെന്ന കാര്യം കോടതി കണക്കിലെടുത്തില്ലെന്നും റാണയ്‌ക്കെതിരെ ഇന്ത്യയില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മുംബൈ ആക്രമണത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തതിന് തഹാവൂര്‍ റാണയ്‌ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ ജൂറി നേരത്തെ കുറ്റം ചുമത്തിയിരുന്നു. തീവ്രവാദികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചതിലും ആക്രമണം ആസൂത്രണം ചെയ്തതിലും റാണയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ജൂറി കണ്ടെത്തിയിരുന്നു.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം അമേരിക്കയില്‍വെച്ചാണ് റാണ അറസ്റ്റിലായത്. ഭീകരസംഘടനയായ ലഷ്‌കറുമായി റാണ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് നേരത്തെ തെളിഞ്ഞിരുന്നു. എന്നാല്‍ മുംബൈ ആക്രമണക്കേസില്‍ റാണ് കുറ്റവിമുക്തനാണെന്ന് കോടതി പ്രഖ്യാപിക്കുകയായിരുന്നു.