ധരംശാല: വാക്‌പോരിനാല്‍ സമ്പന്നമായ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഇന്ത്യ നേടി. ധരംശാലയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു.

106 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇന്ത്യ ഇന്നലെ ബാറ്റിംഗ് ആരംഭിച്ചത്. ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 87 റണ്‍സായിരുന്നു. ലോകേഷ് രാഹുലും (52) ക്യാപ്റ്റന്‍ അജന്‍ക്യ രഹാനെയും (38) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്.


Also Read: ‘മുസ്‌ലീങ്ങളെയെല്ലാം ഞങ്ങള്‍ കൊല്ലും’ എന്നു പ്രഖ്യാപിച്ചുകൊണ്ട് മൂന്നു തവണ അവര്‍ വന്നു: ഗുജറാത്തിലെ കലാപത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു


23.1 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. നായകനായി എത്തിയ ആദ്യ ടെസ്റ്റ് തന്നെ വിജയിക്കാനായി എന്ന നേട്ടവും ഇതോടെ രഹാനെയ്ക്ക് സ്വന്തമായി. ചേതേശ്വര്‍ പൂജാര (0) മുരളി വിജയ് (8) എന്നിവരാണ് നേരത്തേ പുറത്തായത്. മുരളി വിജയിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ പൂജാരയെ മാക്‌സ്വെല്‍ റണ്‍ ഔട്ട് ആക്കുകയായിരുന്നു.

പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 333 റണ്‍സിന് വിജയിച്ചിരുന്നു. പിന്നീട് ബെംഗളുരു ടെസ്റ്റില്‍ ഇന്ത്യ വിജയം പിടിച്ചു. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലായതോടെയാണ് ധരംശാല ടെസ്റ്റ് നിര്‍ണ്ണായകമായത്.