Categories

ഒളിമ്പിക്‌സ് യോഗ്യത ഹോക്കി: ഇന്ത്യ സിംഗപ്പൂരിനെ ഗോളില്‍ മുക്കി

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിംപ്ക്‌സിലെ അവശേഷിക്കുന്ന സ്ഥാനങ്ങളിലൊന്ന് കരസ്ഥമാക്കാനുള്ള യോഗ്യതാ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളില്‍ മുക്കി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം.

സിംഗപ്പൂരിനെതിരെ ഏതു നിമിഷവും ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ചാണ് ഇന്ത്യ മുന്നേറിയത്. ഗുര്‍വിന്ദര്‍ സിംഗാണ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്.

ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് മുന്നിലെത്തിയ ഇന്ത്യക്കെതിരെ രണ്ടാം പകുതിയിലും പിടിച്ചുനില്‍ക്കാന്‍ സിംഗപ്പൂരിനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ മടക്കിയെങ്കി‍ലും  ഇന്ത്യയുടെ ഗോള്‍നീക്കങ്ങള്‍ക്ക് അതൊരു തടസമായില്ല.

അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യ ഉക്രൈനുമായി സമനിലയില്‍ പിരിഞ്ഞു. 26ാം റാങ്കുകാരായ ഉക്രൈന്‍ 25ാം മിനിറ്റില്‍ ഇന്ത്യന്‍ വലചലിപ്പിച്ചു. ക്യാപ്റ്റന്‍ മരിയാനയുടെ വകയായിരുന്നു ഗോള്‍. നാല്‍പത്തിരണ്ടാം മിനുട്ടില്‍ കിരണ്‍ദീപ് കൗര്‍ മെനഞ്ഞ നീക്കത്തില്‍ നിന്നും സൗന്ദര്യയാണ് സമനില ഗോള്‍ നേടിയത്.

55ാം മിനുറ്റില്‍ അനുരാധ ഒരു ഗോള്‍ കൂടി നേടിയെങ്കിലും ഹൈ സ്റ്റിക് എന്ന നിയമപ്രകാരം ഗോള്‍ അനുവദിക്കപ്പെട്ടില്ല. ഇതുവിഭാഗങ്ങളിലും ആദ്യം നടന്ന മത്സരത്തില്‍ പോളണ്ട് പരാജയപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സും വനിതാവിഭാഗത്തില്‍ ദക്ഷിണാഫ്രിക്കയും 2-1 എന്ന സ്‌കോറിനാണ് പോളണ്ടിനെ തോല്‍പ്പിച്ചത്.

സിംഗപ്പൂരിന് പുറമേ പോളണ്ട്, കാനഡ, ഇറ്റലി, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യയുടെ എതിരാളികള്‍. പ്രാഥമിക റൗണ്ടില്‍ എതിരാളികളുമായി ഓരോ മത്സരം വീതം കളിച്ച്, ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ തമ്മില്‍ 26നു നടക്കുന്ന ഫൈനലിലെ വിജയി ഒളിംപ്കസിനു യോഗ്യത നേടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.