ന്യൂദല്‍ഹി: 40 വര്‍ഷത്തിനുള്ളില്‍ വാണിജ്യവളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ അമേരിക്കെയ പിന്തള്ളുമെന്ന് പഠന റിപ്പോര്‍ട്ട്. 2050 ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. സിറ്റി ബാങ്ക് നടത്തിയ സര്‍വ്വെയിലാണ് അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അസൂയാവഹമായ നേട്ടം കൈവരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ചൈനയായിരിക്കും ഒന്നാം സ്ഥാനത്തെത്തുക. നിലവിലെ ഒന്നാം സ്ഥാനക്കാരായ യു.എസ്സിനെ 2015 ഓടെ ചൈന മറികടക്കും.

ചൈനയുടെ വളര്‍ച്ച ആദ്യമേ പ്രകടമായിരുന്നു. എന്നാല്‍ 2010 ലെ കണക്കെടുപ്പില്‍ ആദ്യ പത്തില്‍ പോലും ഇടനേടാന്‍ കഴിയാത്ത ഇന്ത്യ 2050ല്‍ യു.എസ്സിനെ പിന്തള്ളി ചൈനയുടെ പിറകില്‍ രണ്ടാം സ്ഥാനത്തെത്തൂമെന്നാണ് പഠനത്തെ ആധാരമാക്കി സിറ്റിബാങ്ക് പ്രവചിച്ചിരിക്കുന്നത്.

ലോകത്ത് സാധന സാമഗ്രികളുടെ വില്‍പ്പന 2010 ല്‍ 37 ട്രില്ല്യണ്‍ ഡോളറായിരുന്നു. 2030 ത്തിലിത് 149 ട്രില്ല്യണ്‍ ഡോളറും 2050 ല്‍ 371 ട്രില്ല്യണ്‍ ഡോളറുമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.