തിരുവനന്തപുരം: കോരിച്ചൊഴിയുന്ന മഴയ്ക്കും കാര്യവട്ടത്തെ ക്രിക്കറ്റ് ചൂടിനെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. ട്വന്റി-20 പരമ്പരയിലെ കലാശപ്പോരാട്ടത്തില്‍ കാര്യവട്ടത്തെ സാക്ഷി നിര്‍ത്തി കോഹ് ലിയും സംഘവും കിവികളുടെ ചിറകരിഞ്ഞു.

മഴമൂലം പുനര്‍നിര്‍ണ്ണയിച്ച മത്സരത്തില്‍ ഇന്ത്യന്‍ വിജയം ആറ് റണ്‍സിനായിരുന്നു. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 67 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. മറുപടി ബാറ്റിംഗ് ഇറങ്ങിയ ന്യൂസിലാന്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സകലെ ചിറകറ്റ് വീഴുകയായിരുന്നു.


Also Read: ‘ഒരു പന്തും ഒരു വിക്കറ്റും, പക്ഷെ ക്യാച്ചെടുത്തത് രണ്ടു പേര്‍’; മനീഷ് പാണ്ഡയെ ബൗണ്ടറിക്കരികില്‍ ‘പറന്നും എറിഞ്ഞും’ പിടിച്ച് കിവികളുടെ അസമാന്യ ഫീല്‍ഡിംഗ്, വീഡിയോ


ഇന്ത്യയ്ക്കായി മനീഷ് പാണ്ഡെ17 റണ്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സും നേടിയപ്പോള്‍ നായകന്‍ വിരാട് 13 റണ്‍സായിരുന്നു നേടിയത്. അതേസമയം, 17 റണ്‍സെടുത്ത കോളിന് ആണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍.

കിവീസിനായി ടിം സൗത്തിയും ഇഷ് സോധിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇന്ത്യയ്ക്കായി ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസിലാന്റിനെതിരെ ഇന്ത്യയുടെ ആദ്യ ട്വന്റി-20 പരമ്പര വിജയമാണിതെന്നതും വിജയത്തിന്റെ തിളക്കം കൂട്ടുന്നു.