Categories

മഴയെ തോല്‍പ്പിച്ച് ഇന്ത്യക്ക് രണ്ടാംജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കളിക്കിടയില്‍ രസംകൊല്ലിയായെത്തിയ മഴയ്ക്കും ഇന്ത്യന്‍ വിജയത്തെ തടയാനായില്ല. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് അഞ്ചുമല്‍സര പരമ്പരയില്‍ ഇന്ത്യന്‍ യുവടീം 2-0ന് മുന്നിലെത്തി. വിരാട് കോലിയാണ് കളിയിലെ കേമന്‍

ആദ്യം ബാറ്റിംഗിനിറങ്ങിയ വീന്‍ഡീസ് ഇത്തവണയും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. ക്രിസ് ഗെയ്‌ലിനെപ്പോലൊരു തട്ടുപൊളിപ്പന്‍ ഓപ്പണറുടെ അഭാവം വീന്‍ഡീസ് ബാറ്റിംഗില്‍ വീണ്ടും നിഴലിച്ചു. അര്‍ധസെഞ്വറി നേടിയ സിമ്മണ്‍സും (53), സര്‍വനും (56) വീന്‍ഡീസ് നിരയില്‍ തിളങ്ങി. മധ്യനിരയില്‍ കെറോണ്‍ പൊള്ളാര്‍ഡിന് തിളങ്ങാനാകാഞ്ഞത് വീന്‍ഡീസ് സ്‌കോറിംഗ് നിരക്ക് ഇടിച്ചു. നിശ്ചി അമ്പതോവറില്‍ 9 വിക്കറ്റിന് 240 റണ്‍സെടുക്കാനെ വീന്‍ഡീസിനായുള്ളൂ.

പിച്ചില്‍ നിന്നും മികച്ച ടേണും ബൗണ്‍സും കണ്ടെത്തിയ സ്പിന്നര്‍ അമിത് മിശ്രയായിരുന്നു ഇന്ത്യന്‍ ബൗളിംഗില്‍ മികച്ചു നിന്നത്. പത്തോവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാലു നിര്‍ണ്ണായക വിക്കറ്റുകളാണ് മിശ്ര വീഴ്ത്തിയത്. ഇതില്‍ രണ്ട് മെയ്ഡനും ഉള്‍പ്പെടുന്നു. മുനാഫ് പട്ടേല്‍ മൂന്നും യൂസഫ് പഠാന്‍ രണ്ടും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ കഴിഞ്ഞമല്‍സരത്തിലെ ഹീറോ ശിഖര്‍ ധവാനെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. എന്നാല്‍ പാര്‍ത്ഥിവ് പട്ടേലിനൊപ്പം (56) വിരാട് കോലി (81) ഒത്തുചേര്‍ന്നതോടെ ഇന്ത്യ കുതിച്ചു. എന്നാല്‍ മഴ വീണ്ടും കളിയില്‍ വില്ലനായെത്തി. തുടര്‍ന്ന് 37 ഓവറില്‍ 183 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. 20 പന്ത് ബാക്കിനില്‍ക്കേ ഈ ലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.