ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. അഞ്ച് മത്സരങ്ങളുള്ള കളിയില്‍ ഇന്ത്യ 4-0ത്തിന് മുന്നിട്ട് നില്‍ക്കുകയാണ്. ബാറ്റിലും ബോളിലും തിളങ്ങിയ യൂസുഫ് പഠാനാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

മൂന്ന് വിക്കറ്റ് നേട്ടം കൊയ്ത പഠാന്‍ 96 പന്തില്‍ നിന്നായി 123 റണ്‍സ് നേടുകയും ചെയ്തു. ഏഴ് പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ 316 റണ്‍സ് നേടി ജയം സ്വന്തമാക്കിയത്. പാര്‍ഥിവ് പട്ടേല്‍(53), സുരഭ് തിവാരി(37) എന്നിവരാണ് ജയ റണ്‍ അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത കിവീസ് 315 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറിലായിരുന്നു അതിഥികളുടെ റണ്‍വേട്ട. 98 റണ്‍സുമായി പുറത്താകാതെ നിന്ന ജെയിംസ് ഫ്രാങ്കല്‍നാണ് കീവീസിന് വന്‍ സ്‌കോര്‍ സമ്മാനിച്ചത്. റോസ് ടെയ്‌ലര്‍(46), മക്കല്ലം(42) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

നെഹ്‌റ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് മാത്രം ഫ്രാങ്കല്‍ന്‍ 22 റണ്‍സ് വാരിക്കൂട്ടി. 43 ഓവറില്‍ വെട്ടോറി പുറത്താകുമ്പോള്‍ 249 റണ്‍സായിരുന്നു കീവീസ് സ്‌കോര്‍. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ചാണ് ഫ്രാങ്കല്‍ന്‍ കളം നിറഞ്ഞാടിയത്.