ന്യൂദല്‍ഹി: ഇറ്റലിയെ മലര്‍ത്തിയടിച്ച് ഒളിംപിക്‌സ് ഹോക്കിയിലേക്കുള്ള ഇന്ത്യന്‍ കുതിപ്പ് മുന്നോട്ട്. ആദ്യ മത്സരത്തിന്റെ ആവര്‍ത്തനമായി പുരുഷന്മാര്‍ ഗോള്‍മഴയോടെ വിജയമാവര്‍ത്തിച്ചപ്പോള്‍ വനിതകള്‍ ആദ്യജയം സ്വന്തമാക്കി. ഇറ്റലിയെ 8-1ന് തോല്‍പിച്ചാണ് ഇന്ത്യന്‍ പുരുഷന്മാര്‍ ശനിയാഴ്ച സിംഗപ്പൂരിനെതിരെ നേടിയ വിജയത്തിന്റെ (15-1) തുടര്‍ച്ച നിലനിര്‍ത്തിയത്. വനിതകള്‍ 4-1ന് കാനഡയെ തോല്‍പിച്ച് മുന്നോട്ടുള്ള കുതിപ്പിന് തുടക്കംകുറിച്ചു.

ഒന്നിനെതിരേ എട്ടുഗോളുകള്‍ക്കാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ ഇറ്റലിയെ കെട്ടുകെട്ടിച്ചത്. കഴിഞ്ഞ കളിയില്‍ സിംഗപ്പൂരിനെ 15-1 നു തകര്‍ത്തുവിട്ട പുരുഷടീമിന് ഇതോടെ തുടരെ രണ്ടാം മത്സരത്തിലും വമ്പന്‍ ജയം സ്വന്തമാക്കാന്‍ കഴിഞ്ഞു.

Subscribe Us:

കളിക്കളത്തിലുടനീളം സമഗ്രാധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ ഇറ്റലിയെ കീഴടക്കിയത്. പെനാല്‍റ്റി കോര്‍ണറുകളില്‍നിന്ന് ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ എതിര്‍ ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കിമാറ്റി സന്ദീപ് സിങ്ങും കൂട്ടുകാരും ഇറ്റാലിയന്‍ വലയില്‍ നിറച്ചു.

ആദ്യപകുതിയില്‍ സന്ദര്‍ശകര്‍ക്കെതിരേ ഇന്ത്യ ആറു ഗോളുകളാണ് വര്‍ഷിച്ചത്. രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെന്നതുമാത്രമാണ് ജയത്തിനിടയിലും നേരിയ നിരാശയ്ക്കു കാരണമായത്. പെനാല്‍റ്റികള്‍ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതാണ് ഇറ്റലിക്കെതിരേയുള്ള ഇന്ത്യന്‍ ജയത്തിന്റെ പ്രത്യേകത.

വനിതകളില്‍ യുക്രെയ്‌നെതിരെ സമനില വഴങ്ങിയ ഇന്ത്യ കാനഡക്കുമേല്‍ കണക്കുതീര്‍ത്തു. സൗന്ദര്യ യെന്‍ഡാല, റാണി രാംപാല്‍, സുശീല ചാനു, അനുരാധദേവി എന്നിവരാണ് ഇന്ത്യന്‍ ഗോളുകള്‍ നേടിയത്. വനിതകളിലെ മറ്റു മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിന് യുക്രെയ്‌നെയും ഇറ്റലി 4-1ന് പോളണ്ടിനെയും തോല്‍പിച്ചു.
പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സ് 9-0ത്തിന് സിംഗപ്പൂരിനെയും പോളണ്ട് 3-2ന് കാനഡയെയും കീഴടക്കി.

ഇന്നലെ നടന്ന മത്സരത്തില്‍ കാനഡയെ 4-1 തോല്‍പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ആദ്യജയം സ്വന്തമാക്കിയത്. കഴിഞ്ഞ കളിയില്‍ യുക്രെയ്‌നുമായി സമനിലക്കുരുക്കില്‍ അകപ്പെട്ട ടീമിന് ഇന്നലത്തെ ജയം ആശ്വാസം പകരുന്നതായി.

Malayalam News

Kerala News In English