സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴൂലം പകുതി ദിവസത്തെ കളി നഷ്ടപ്പെട്ട ആദ്യദിനം 36 ഓവര്‍ കളി പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയ്ക്ക് 136 റണ്‍സെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി. വെളിച്ചക്കുറവു കാരണം 11 ഓവര്‍ നേരത്തെ കളി മതിയാക്കുകയായിരുന്നു.

ബൗളര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും(36) ഹര്‍ഭജന്‍ സിങ്ങും(27) മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്. കളിതീരാന്‍ 13 ഓവറുകള്‍ ബാക്കിനില്‌ക്കെ, ക്യാപ്റ്റന്‍ ധോനിയും(33) കന്നിക്കാരന്‍ ജയ്‌ദേവ് ഉനദ്കട്ടു(0)മാണ് ക്രീസിലുള്ളത്.

അതിവേഗ ബൗളര്‍മാരായ ഡെയ്ല്‍ സ്‌റ്റെയ്‌നിന്റേയും മോണെ മോര്‍ക്കലിന്റെയും ഉജ്വല ബൗളിങ്ങാണ് ആതിഥേയര്‍ക്ക് വ്യക്തമായ മേധാവിത്തം സമ്മാനിച്ചത്. മോര്‍ക്കല്‍ 14 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ സ്‌റ്റെയ്ന്‍ 34 റണ്‍സിന് മൂന്നു വിക്കറ്റു നേടി.