മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ഓപ്പണര്‍മാരായ പാര്‍ത്ഥിവ് പട്ടേലും പുതുമുഖം അഞ്ജിക്യ രഹാനെയും ഇന്ത്യക്ക് സാമാന്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പാര്‍ത്ഥിവ് 95 റണ്‍സും രഹാനെ 40 റണ്‍സുമെടുത്ത് പുറത്തായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇരുന്നൂറ് കടന്നിട്ടുണ്ട്. ദ്രാവിഡാണ്(2) പുറത്തായ മറ്റൊരാള്‍. അര്‍ദ്ധസെഞ്ചുറിയുമായി കോഹ്‌ലിയും(51) 7റണ്ണോടെ റെയ്‌നയുമാണ് ക്രീസില്‍.

ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കുന്നില്ല. ടി-20 മത്സരത്തില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച പുതുമുഖം അഞ്ജിക്യ രഹാനെ ഇന്ത്യന്‍ നിരയില്‍ കളിക്കുന്നുണ്ട്. രഹാനെയുടെ അരങ്ങേറ്റ മത്സരമാണിത്. ഇംഗ്ലീഷ് നിരയില്‍ പരിക്കേറ്റ സ്പിന്‍ ബൗളര്‍ ഗ്രെയിം സ്വാന്‍ കളിക്കുന്നില്ല. പകരം സമിത് പട്ടേലിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സച്ചിന്‍ മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള പരിക്കായതിനാല്‍ സച്ചിന് ശേഷിച്ച മത്സരവും ചിലപ്പോള്‍ നഷ്ടമായേക്കും.