Administrator
Administrator
എന്‍ഡോസള്‍ഫാന് സമ്പൂര്‍ണ്ണ നിരോധനം; കയറ്റുമതിക്ക് അനുമതി
Administrator
Friday 30th September 2011 2:05pm

endosulfan-bannedന്യൂദല്‍ഹി: ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും വിതരണവും സുപ്രിംകോടതി സമ്പൂര്‍ണ്ണമായി നിരോധിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന 17 ലക്ഷം കിലോഗ്രാം എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്നും സ്‌റ്റോക്ക് തീരുന്ന മുറക്ക് കയറ്റുമതിയിലുള്ള ലൈസന്‍സ് റദ്ദാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. എന്‍ഡോസള്‍ഫാന്‍ ഘടകങ്ങള്‍ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് സ്‌റ്റോക്കുള്ള എന്‍ഡോസള്‍ഫാന്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്.

രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് നേരത്തെ സര്‍ക്കാര്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനത്തിലും ഉപയോഗത്തിലുമുള്ള നിരോധനം പൂര്‍ണ്ണമായി നടപ്പാക്കാനാണ് കോടതി ഇന്ന് ഉത്തരവിട്ടത്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരുടെ റദ്ദാക്കിയ ലൈസന്‍സ് കയറ്റുമതിക്ക് മാത്രമായി പുനസ്ഥാപിക്കാന്‍ കോടതി അനുമതി നല്‍കി. കയറ്റുമതി പൂര്‍ത്തിയായാല്‍ ലൈസന്‍സ് വീണ്ടും റദ്ദാക്കപ്പെടും.

കയറ്റുമതിക്ക് സര്‍ക്കാര്‍ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. ഫാക്ടറിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്ക് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ കസ്റ്റംസിന്റെയും കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും നിരീക്ഷണമുണ്ടാവണം. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇത് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാവൂ. ഇതിനുള്ള ചെലവ് കമ്പനികള്‍ തന്നെ വഹിക്കണം. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കുകയാണെങ്കില്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് നേരത്തെ കമ്പനികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി കയറ്റുമതിക്ക് അനുമതി നല്‍കിയത്.

നിരോധനത്തെക്കുറിച്ച് പഠിക്കാന്‍ കോടതി നേരത്തെ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി ഓഗസ്റ്റ് 24ന് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് അനുകൂലമായി നല്‍കിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പരിഗണിച്ചുകൊണ്ടുള്ളതല്ല കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഗത്യന്തരമില്ലാതെ എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്ന നിലപാടെടുത്തിരുന്നെങ്കിലും ഈ കേസിലും എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറും കൃഷിമന്ത്രാലയവും സ്വീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ 2013ലെ നിരോധിക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

കോടതി നിയോഗിച്ച പ്രത്യേക പഠനസമിതി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്നതിന് അനുകൂലമായി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഡി.വൈ.എഫ്.ഐ അടക്കം കേസിലെ പരാതിക്കാര്‍ കയറ്റുമതിയെ എതിര്‍ക്കുന്ന നിലപാടിലായിരുന്നു കോടതിയില്‍ സ്വീകരിച്ചത്.

Advertisement