Categories

ഇന്ത്യ ബംഗ്ലാദേശ് സുരക്ഷാ കരാര്‍ ഒപ്പിട്ടു

india-bangladesh flagന്യൂദല്‍ഹി: ഇന്ത്യയുടെ ബംഗ്ലാദേശും സുരക്ഷാ കാര്യങ്ങളില്‍ അടക്കം സുപ്രധാനമായ അഞ്ച് സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് കരാര്‍ ഒപ്പിട്ടത്.

ബംഗ്ലാദേശില്‍ അഭയം തേടിയ തീവ്രവാദികളെയും രാജ്യാന്തര ഭീകരതയുടെ കണ്ണികളെന്ന് സംശയിക്കുന്നവരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടി ഇന്ത്യക്ക് കൈമാറുന്നതിനുള്ള കാരാറാണ് ഇതില്‍ ഒന്ന്. തടവില്‍ കഴിയുന്നവരെ കൈമാറുന്നതിനുള്ളതാണ് രണ്ടാമത്തേത്. ക്രിമിനല്‍ കുറ്റങ്ങളില്‍ പരസ്പര നിയമസഹായ ഉടമ്പടിയും രണ്ടു രാജ്യങ്ങളും ഒപ്പുവെച്ചു.

ഊര്‍ജസഹകരണം, സാംസ്‌കാരിക വിനിമയ പരിപാടി എന്നിവയിലും ഇരു രാജ്യങ്ങളും സഹകരണ കരാറില്‍ ഒപ്പിട്ടു. നദീജലം പങ്കിടല്‍, സമുദ്രാതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിവയും ചര്‍ച്ചാ വിഷയമായി. ബംഗ്ലാദേശിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 2500 കോടി രൂപയുടെ വായ്പ ഇന്ത്യ വാഗ്ദാനം ചെയ്തു. ബംഗ്ലാദേശില്‍നിന്ന് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും റെയില്‍ ഗതാഗത സൗകര്യമൊരുക്കുന്നതിനും ഇന്ത്യ സൌകര്യം ചെയ്യും.

കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ശൈഖ് ഹസീന ഇന്ത്യയില്‍ എത്തുന്നത്. ഹസീന ചുമതലയേറ്റ ശേഷം ഇന്ത്യയും ബംഗ്ലാദേശുമായുള്ള ബന്ധം ഊഷ്മളമായിരിക്കയാണ്. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം ഇന്ന് ശൈഖ് ഹസീനക്ക് സമ്മാനിക്കും.

ശൈഖ് ഹസീന രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍ റഹ്മാന്റെ ഇളയ മകള്‍ ശൈഖ് റഹാന, പ്രധാനമന്ത്രിയുടെ മകന്‍ സാജിദ് വാജിദ് ജോയ്, വിദേശമന്ത്രി ഡോ. ദിപു മോനി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Comments are closed.