കാന്‍ബെറ: സ്വതന്ത്രവ്യാപാര കരാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ആസ്‌ട്രേലിയും ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും ഉദ്ദേശിച്ചുള്ളതാണ് കരാര്‍.

ജൂണ്‍ ആദ്യവാരം ദല്‍ഹിയില്‍ ആദ്യഘട്ട ചര്‍ച്ച നടക്കുമെന്ന് വാണിജ്യ മന്ത്രി കമല്‍നാഥ് അറിയിച്ചു. കാന്‍ബറയില്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം കൂടുതല്‍ ദൃഡമാക്കാനും നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും കരാര്‍ ഉപകരിക്കുമെന്ന് കമല്‍നാഥ് പ്രതീക്ഷ പ്രകടിപ്പിച്ചു. ആസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി കെവിന്‍ റഡ്ഡുമായും മറ്റ് മന്ത്രിമാരുമായും കമല്‍നാഥ് കൂടിക്കാഴ്ച്ച നടത്തി