പെര്‍ത്ത്: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നവര്‍ക്ക് നല്‍കിയ യാത്രാ മുന്നറിയിപ്പ് പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയ തയാറാവണമെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പെര്‍ത്തിലെത്തിയ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി കെവിന്‍ റഡ്ഡിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇത്തരമൊരു നിര്‍ദേശം വിനോദസഞ്ചാരികളുടെ ഇടയില്‍ ഭയമുണ്ടാക്കുമെന്നും അത് ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ക്ക് വിപരീതമാണെന്നും കൃഷ്ണ പറഞ്ഞു.

ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുമെന്ന വിവരം ലഭിച്ചിട്ടല്ല യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നും അത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഒരു പതിവ് നടപടി മാത്രമാണെന്നും റഡ്ഡ് വ്യക്തമാക്കി.

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് യാത്ര നടത്താന്‍ പാടില്ലെന്ന് സ്വന്തം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.