ലണ്ടന്‍: ഒളിമ്പിക്‌സ് ബോക്‌സിങ് 69 കിലോ വിഭാഗത്തില്‍ നിന്നും വികാസ് കൃഷനെ പുറത്താക്കിയതിനെതിരെ കായിക കോടതിയെ സമീപിച്ചിരിക്കുകയാണ് ഇന്ത്യയിപ്പോള്‍. ഇത് സംബന്ധിച്ച് പരാതി നല്‍കിയതായി ഇന്ത്യന്‍ സംഘത്തലവന്‍ പി.കെ മുരളീധരന്‍ രാജ അറിയിച്ചു. കൃഷനെ ക്വാര്‍ട്ടറില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

Ads By Google

69 കിലോ വിഭാഗത്തിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരമാണ് വിവാദമായത്. മത്സരത്തിനൊടുവില്‍ ജയമുറപ്പിച്ച് അമേരിക്കന്‍ താരം കൈ ഉയര്‍ത്തിയെങ്കിലും ആ കൈ താഴ്ത്തി ഇന്ത്യന്‍ താരത്തിന്റെ കൈ പിടിച്ചുയര്‍ത്തുകയായിരുന്നു റഫറി. 13-11 ന് വികാസ് കൃഷന്‍ ജയിച്ചെന്നായിരുന്നു റഫറിയുടെ തീരുമാനം. എതിരാളി അമേരിക്കന്‍ താരം എറോള്‍ സ്‌പെന്‍സ് കരഞ്ഞു കൊണ്ട് റിങ്ങില്‍ നിന്നിറങ്ങിയപ്പോകുകയും ചെയ്തു. എന്നാല്‍ മത്സരം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ അമേരിക്ക അപ്പീല്‍ നല്‍കി.

അപ്പീല്‍ സ്വീകരിച്ച് മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ഇന്റര്‍നാഷണല്‍ അമച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ ജൂറി സ്‌പെന്‍സിനെ വിജയിയായി പ്രഖ്യാപിച്ചു. മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ വികാസ് കൃഷന്‍ ഒന്‍പത് ഫൗളുകള്‍ വരുത്തിയെന്നായിരുന്നു ജൂറി അതിന് ന്യായീകരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് റഫറി വികാസിന് താക്കീത് നല്‍കിയത്. ടെക്‌നിക്കല്‍ ആന്‍ഡ് കോംപറ്റീഷന്‍ നിയമം 12.1.9 പ്രകാരം കുറഞ്ഞതു രണ്ടു തവണയെങ്കിലും താക്കീത് നല്‍കേണ്ടിയിരുന്നു. രണ്ടാം റൗണ്ടില്‍ വികാസ്, പല്ലുകളുടെ സംരക്ഷണത്തിന് വായ്ക്കുള്ളില്‍ വയ്ക്കുന്ന ഗംഷീല്‍ഡ് പുറത്തേക്കു തുപ്പിയത് ബോധപൂര്‍വമാണ്. ഇതിനും റഫറി താക്കീത് നല്‍കിയില്ലെന്നും ജൂറി ചൂണ്ടിക്കാട്ടി.

ജൂറി തീരുമാനത്തോടെ വികാസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ജൂറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിങ് അസോസിയേഷന് പരാതി നല്‍കി. എന്നാല്‍ ഇന്ത്യയുടെ അപ്പീല്‍ അസോസിയേഷന്‍ തള്ളുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ കായിക കോടതിയെ സമീപിച്ചത്.