എഡിറ്റര്‍
എഡിറ്റര്‍
ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: പി.ആര്‍ ശ്രീജേഷ് ടീമില്‍
എഡിറ്റര്‍
Tuesday 12th June 2012 12:00pm

ന്യൂദല്‍ഹി: ഒളിംപിക്‌സിനുള്ള 16 അംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മുന്നേറ്റ നിരയ്ക്കു പ്രാമുഖ്യമുള്ള ടീമില്‍ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഇടം നേടി. ഒന്നാം നമ്പര്‍ ഗോളി ഭരത് ഛേത്രിയാണു ടീമിന്റെ നായകന്‍. മിഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിങ് ഉപനായകനാവും.

മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്‌ലന്‍ഷാ ടൂര്‍ണമെന്റില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍നിന്നു കാര്യമായ മാറ്റങ്ങളില്ലാതെയാണു ഒളിംപിക്‌സ് സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഒളിംപിക്‌സിനു മുന്നോടിയായി യൂറോപ്പില്‍ നടക്കുന്ന പരിശീലന മല്‍സരങ്ങള്‍ക്കുള്ള 32 അംഗ ടീമില്‍നിന്നാണു അവസാന 16 പേരെ തിരഞ്ഞെടുത്തത്. രണ്ടു പേര്‍ സ്റ്റാന്‍ഡ് ബൈ ആയി ടീമിനൊപ്പമുണ്ടാവും.

യുവതാരം യുവരാജ് വാല്മീകി, രുപീന്ദര്‍ പാല്‍ സിങ് എന്നിവരെ ഒഴിവാക്കി. വെറ്ററന്‍ താരം ഇഗ്‌നേസ് ടിര്‍ക്കി ഇടംനേടി. എസ്.വി. സുനില്‍ നേതൃത്വം നല്‍കുന്ന മുന്നേറ്റനിരയില്‍ ഏഴു പേരാണുള്ളത്.

ഡാനിഷ് മുജ്താബ, തുഷാര്‍ ഖണ്ഡേക്കര്‍, ധരംവീര്‍ സിങ്, ഗുര്‍വിന്ദര്‍ സിങ് ചാന്ദി, ശിവേന്ദ്ര സിങ്, എസ്.കെ. ഉത്തപ്പ എന്നിവര്‍ മുന്നേറ്റക്കാരാവും. പ്ലേമേക്കര്‍ സര്‍ദാര്‍ സിങ് ഉള്‍പ്പെട്ട മധ്യനിരയില്‍ നാലു പേരാണ് ഉള്ളത്.

മന്‍പ്രീത് സിങ് ഗുര്‍ബജ് സിങ്, ബിരേന്ദ്ര ലക്ര,എന്നിവരാണു മധ്യനിരക്കാര്‍. ടിര്‍ക്കിക്കു പുറമെ, സന്ദീപ് സിങ്, വി.ആര്‍. രഘുനാഥ് എന്നിവര്‍ പ്രതിരോധം കാക്കും. മുന്നേറ്റനിര താരം സര്‍വന്‍ജിത് സിങ്, മധ്യനിര താരം കോത്തജിത് സിങ് എന്നിവര്‍ സ്റ്റാന്‍ഡ് ബൈ ആയിരിക്കും.

Advertisement