ടോണ്ടന്‍: സോമര്‍സെറ്റിനെതിരേ ത്രിദിനമത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ എട്ടിന് 138 എന്ന ദയനീയ നിലയിലാണ്. 30 റണ്‍സോടെ സുരേഷ് റെയ്‌നയും റണ്‍സൊന്നും നേടാതെ എസ്. ശ്രീശാന്തുമാണ് ക്രീസില്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (26), രാഹുല്‍ ദ്രാവിഡ് (17), ഗൗതംഗംഭീര്‍ (21), അഭിനവ് മുകുന്ദ് (18), യുവരാജ് സിംഗ് (0) തുടങ്ങിയവരെല്ലാം വന്നത് പോലെ മടങ്ങി. അഞ്ച് വിക്കറ്റ് നേടിയ ചാള്‍ വിലോബിയാണ് ഇന്ത്യയെ തകര്‍ത്തത്.

നേരത്തെ സോമര്‍സെറ്റ് ഒന്നാം ഇന്നിംഗ്‌സ് മൂന്നിന് 425 എന്ന നിലയില്‍ ഡിക്ലയര്‍ചെയ്തു. ക്ഷണനേരത്തില്‍ റണ്‍സ് കണ്ടെത്തിയ അരുള്‍ സുപ്പിയായും ജോണ്‍സും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ തച്ചു തകര്‍ത്തു. സുപ്പിയ 156 റണ്‍സെടുത്ത് ശ്രീശാന്തിനു വിക്കറ്റ് നല്കി മടങ്ങി. കോപ്ടണ്‍ 88-ഉം ഹില്‍ഡെര്‍ത് 30-ഉം റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി അമിത് മിശ്ര, സുരേഷ് റെയ്‌ന, ശ്രീശാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മഴമൂലം രണ്ടാം ദിവസത്തെ കളിവൈകിയാണ് ആരംഭിച്ചത്.