ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നാംസ്ഥാനത്തെത്തി. ആസ്‌ട്രേലിയക്കെതിരേ നടന്ന രണ്ടുടെസ്റ്റുകളിലും നടത്തിയ മികച്ച പ്രകടനമാണ് സച്ചിനെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. അതിനിടെ ടീമുകളുടെ റാങ്കിംഗിലും ഇന്ത്യയാണ് മുന്നില്‍.

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സച്ചിന്‍ ഓസീസിനെതിരേ കാഴ്ച്ചവെച്ചത്. രണ്ടുടെസ്റ്റുകളിലുമായി 400ലധികം റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. ഇതില്‍ ബാംഗ്ലൂര്‍ ടെസ്റ്റില്‍ നേടിയ ഇരട്ടസെഞ്ചുറിയും ഉള്‍പ്പെടും. ശ്രീലങ്കയുടെ ക്യാപ്റ്റന്‍ കുമാര സംഗക്കാരയാണ് രണ്ടാംസഥാനത്ത്.

റാങ്കിംഗില്‍ ആസ്‌ട്രേലിയ അഞ്ചാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടാണ് നാലംസ്ഥാനത്ത്. എന്നാല്‍ ആഷസ് പരമ്പരയില്‍ ജയിച്ചാല്‍പോലും ആസ്‌ട്രേലിയക്ക് നാലാംസ്ഥാനമേ നേടാനാകൂ.