ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ തീരുമാനമായി. പ്രതിരോധമന്ത്രി എ.കെ.ആന്റണിയും ചൈനീസ് പ്രതിരോധമന്ത്രി ജിയാങ് ഗുവാങ്‌ലിയുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

Ads By Google

2010ല്‍ അവസാനിപ്പിച്ച സംയുക്ത സൈനികാഭ്യാസങ്ങള്‍ പുനരാരംഭിക്കാനും സൈനിക സഹകരണം, പരിശീലനം എന്നിവയില്‍ സഹകരിക്കാനും സമുദ്രാതിര്‍ത്തി തുടങ്ങിയ വിഷയങ്ങളില്‍  ഇരുരാജ്യങ്ങളിലെയും നാവികസേനകള്‍ യോജിച്ചുപ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

എഷ്യ പസഫിക് മേഖലയില്‍ നാവികസാന്നിധ്യം ശക്തമാക്കാനുള്ള അമേരിക്കന്‍ നീക്കം ചര്‍ച്ചയില്‍ വന്നതായും ആന്റണി വെളിപ്പെടുത്തി. സഹകരണത്തിന് സമവായത്തിനുള്ള ധാരണയ്‌ക്കൊപ്പം ഇരുരാജ്യങ്ങളും ഈ രംഗത്ത് നേടിയ മുന്നേറ്റവും ചര്‍ച്ചയില്‍ ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.

അതിര്‍ത്തികളില്‍ സഹകരണം വിപുലമാക്കാനും സുരക്ഷാ വിഷയങ്ങളില്‍ ദക്ഷിണേഷ്യയിലും എഷ്യ പസഫിക് മേഖലയിലും സഹകരിച്ചു മുന്നേറാനും തീരുമാനമായതായും ആന്റണി പറഞ്ഞു.

എട്ട് വര്‍ഷത്തിന് ശേഷമാണ് ഒരു ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2006 ല്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ചൈന സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെയുണ്ടായ ക്ഷണം സ്വീകരിച്ച ആന്റണി അടുത്ത വര്‍ഷം ബെയ്ജിങ് സന്ദര്‍ശിക്കാമെന്നും അറിയിച്ചു.