ന്യൂദല്‍ഹി: ലോകം മുഴുവന്‍ വ്യാപിച്ച മാര്‍ച്ച് ഫോര്‍ സയന്‍സ് മൂവ്‌മെന്റ് ഇന്ത്യയിലേയ്ക്കും. ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി 3% ജി.ഡി.പിയും വിദ്യാഭ്യാസത്തിനായി 10% ജി.ഡി.പിയും മാറ്റിവെക്കുക, ശാസ്ത്രാഭിരുചി വളര്‍ത്തുക അന്ധവിശ്വാസങ്ങളെ തടയുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ നാളെ റാലിക്കിറങ്ങുന്നത്.

നേരത്തേ ഏപ്രില്‍ 22 ന് ലോകത്തെ 600 നഗരങ്ങളിലായി ശാസ്ത്രജ്ഞര്‍ തെരുവിലിറങ്ങിയിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറ ഉറപ്പാക്കുക, ഗവേഷണങ്ങള്‍ക്കും മറ്റും സാമ്പത്തിക സുരക്ഷ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച ഫോര്‍ സയന്‍സ് റാലിക്കിറങ്ങിയിരുന്നത്.


Also Read: ‘കടുവാ ചാക്കോ’ കളിക്കേണ്ട..; കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ച പിതാവിനെ മകന്‍ കൊലപ്പെടുത്തി


ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരിയിലാണ് റാലി നടത്തുക. ട്രംപ് ശാസ്ത്രവിഷയങ്ങളെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയിലാണ് മാര്‍ച്ച ഫോര്‍ സയന്‍സിന്റെ ആരംഭം.

ഇന്ത്യന്‍ ശാസ്ത്രലോകം നിരന്തരം ഭീഷണി നേരിടുകയാണെന്നും സര്‍ക്കാര്‍ സഹായം കിട്ടുന്നതിലെ അഭാവം രാജ്യത്തെ ശാസത്രത്തിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചെന്നും സംഘാടകര്‍ റാലിയെ മുന്നോടിയായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.