ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ആദ്യ ദിനം കളി നിറുത്തുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിന് 213 എന്ന നിലയിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 13,000 റണ്‍സ് തികച്ചതാണ് ആദ്യ ദിനത്തിന്റെ പ്രത്യേകത.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് സേവാഗും ഗംഭീറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് തകരുകയായിരുന്നു. സ്‌കോര്‍ എഴുപത്തിയൊമ്പതില്‍ നില്‍കെ 52 റണ്‍സെടുത്ത സേവാഗിന്റെ വിക്കറ്റ് ഷാഹിബ് അല്‍ ഹസന്‍ എടുത്തു.

തൊട്ടടുത്ത ഓവറില്‍ ഗംഭീറും(23) കൊഴിഞ്ഞു. സ്‌കോര്‍ രണ്ടിന് 79. പിന്നാലെ നാലു റണ്‍സുമായി ദ്രാവിഡും മടങ്ങി. ഏഴു റണ്‍സെടുത്ത് ലക്ഷമണ്‍ പുറത്താവുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ നാലിന് 107 . വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് പൊരുതി നിന്ന സച്ചിന്‍ റണ്‍സ് പതുക്കെ മുന്നോട്ട് നീക്കി. സ്വന്തം സ്‌കോര്‍ മുപ്പത്തിരണ്ടിലെത്തിയപ്പോള്‍ സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 13000 റണ്‍സ് തികച്ച് ചരിത്ര നേട്ടത്തിനുടമയായി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ ബാറ്റ്‌സമാനാണ് സച്ചിന്‍.

യുവരാജ(12), കാര്‍ത്തിക്(0), അമിത് മിശ്ര(14), സഹീര്‍ ഖാന്‍(11) എന്നിവരും പുറത്തായി. ആദ്യ ദിനം അവസാനിച്ചപ്പോള്‍ 76 റണ്‍സിന് സച്ചിനും ഒരു റണുമായി ഇശാന്ത് ശര്‍മയുമാണ് ക്രീസില്‍ . ഷാഖിഫ് അല്‍ ഹസന്റെ സ്പിന്നും ഷഹദത്ത് ഹുസൈന്റെ പേസുമാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി