കൊച്ചി: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സുഭാഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Ads By Google

ജസ്റ്റിസ് പി.ഭവദാസിന്റെതാണ് ഉത്തരവ്. തന്നെ അനാവശ്യമായി പ്രതിചേര്‍ക്കുകയും കേസുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി സുഭാഷ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കേസുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണയും വധശ്രമവുമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് സുഭാഷിനെതിരെ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ആലുവ പെരിയാറില്‍ വീണാണ് ഇന്ദു മരിച്ചത്.

കോഴിക്കോട് എന്‍.ഐ.ടിയിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയായ ഇന്ദു ഇതേ സ്ഥാപനത്തിലെ അധ്യാപകനായ സുഭാഷുമായി പ്രണയത്തിലായിരുന്നെന്ന്  പോലീസ് സ്ഥിരീകരിച്ചിരുന്നു.

ആലുവ ചെങ്ങമനാടിന് സമീപം പെരിയാറില്‍ കണ്ടംതുരുത്ത് ഭാഗത്തുനിന്നായിരുന്നു ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ദു മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഇന്ദുവിന്റെ മരണം ആത്മഹത്യയാണെന്ന് ആദ്യം നിഗമനത്തിലെത്തിയ പൊലീസിന് കേസന്വേഷണം കൃത്യമായി കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല.