കനത്ത സുരക്ഷയുടെ നിഴലില്‍ ഇന്ത്യ ഇന്ന് 65ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാവിലെ 8.30 മുതലാണ് തലസ്ഥാനത്തും സംസ്ഥാനത്തും ആഘോഷപരിപാടികള്‍ ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥനത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരിയില്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്.

തിരുവന്തപുരത്തം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നു നടന്ന പരേഡില്‍ അഭിവാധ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. മഖ്യമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു.

നിയമസഭയില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചപ്പോള്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിയമസഭയ്ക്ക് മുന്നിലെ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ഡോ. അംബേദ്കര്‍ എന്നിവരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി.
ഗവര്‍ണ്ണര്‍ ആര്‍. എസ്. ഗവായ് സംസ്ഥാനത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനും ജന നന്മയ്ക്കായി പ്രവര്‍ത്തിക്കാനുമുള്ള പ്രതിജ്ഞ പുതുക്കാന്‍ അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെ കൂടുതല്‍ ഐശ്വര്യവും സമാധാനപൂര്‍ണ്ണവുമാക്കാനും ലോകരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ കീര്‍ത്തിയുണ്ടാക്കാന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍ പ്രജോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.