എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിന്റെ സാമുദായിക അവസ്ഥ ആശങ്കാജനകം: പ്രധാനമന്ത്രി
എഡിറ്റര്‍
Saturday 8th September 2012 11:53am

ന്യൂദല്‍ഹി: കേരളത്തിലെ സാമുദായിക അവസ്ഥ ആശങ്കാജനകമെന്ന് പ്രധാമന്ത്രി മന്‍മോഹന്‍ സിങ്. ദല്‍ഹിയില്‍ ഡി.ജി.പിമാരുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം വന്നിരിക്കുന്നത്.

Ads By Google

കഴിഞ്ഞ കുറച്ച് കാലങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിന് പുറമേ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയും സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരികയാണ്. ചില സംഘടനകള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വംശീയ സംഘര്‍ഷങ്ങള്‍ നേരിടുന്നതിന്റെ കാര്യത്തില്‍ പോലീസിന്റെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. നവ മാധ്യമങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ഇത് തടയാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളെ ഇത്തരം രീതിയില്‍ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതരത്തിലാവരുത് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബര്‍ സുരക്ഷാ വെല്ലുവിളി നേരിടാന്‍ പുതിയ സംവിധാനം രൂപീകരിക്കും. എസ്.എം.എസുകളും സോഷ്യല്‍ മീഡിയകളും ഉപയോഗിച്ചുളള പ്രചാരണം പുതിയ വെല്ലുവിളിയാണ്. ഈ പ്രചാരണങ്ങളെ നേരിടേണ്ടതുണ്ട്. കാശ്മീരില്‍ നിയന്ത്രണ രേഖ വഴിയുളള നുഴഞ്ഞുകയറ്റം വര്‍ധിച്ച് വരികയാണ്. കടല്‍മാര്‍ഗമുള്ള തീവ്രവാദ ഭീഷണി വര്‍ധിച്ച് വരികയാണ്. രാജ്യം കനത്ത ജാഗ്രതിയിലായിരിക്കണം. ഇടത് തീവ്രവാദം രാജ്യത്തിന് കനത്ത വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement