ചെന്നൈ: വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിതിനെ തുടര്‍ന്ന സൂപ്പര്‍താരം മമ്മൂട്ടിയെ ആദായ നികുതി വകുപ്പ് അധികൃതര്‍ ആറ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. കൊച്ചി പനമ്പള്ളി നഗറിലെ വീട്ടില്‍വച്ചായിരുന്നു ചോദ്യം ചെയ്തത്. രാത്രി 9.30-ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ 3.30വരെ തുടര്‍ന്നു.

മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലി അനുസരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ കൊച്ചിയിലെ വീട്ടിലും മറ്റും ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തുമ്പോള്‍ ചെന്നൈയിലായിരുന്ന മമ്മൂട്ടിയെ അവിടെവച്ച് പ്രാഥമിക ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം വിശദമായ ചോദ്യം ചെയ്യലിനായി താരം കൊച്ചിയിലെത്തിച്ചേരുകയായിരുന്നു.

ഇന്നലെ രാത്രി എട്ടേ മുക്കാലോടെയാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തുംു ജെറ്റ് എയര്‍ വെയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഒമ്പതു മണിയോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലെത്തുകയും 9.30 ഓടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലുമായി നടന്‍ പൂര്‍ണ്ണമായും സഹകരിച്ചെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേ സമയം സ്വത്ത് സംബന്ധിച്ച തുടര്‍നടപടികളെ കുറിച്ച് ആദായവകുപ്പ് അധികൃതര്‍ ഇന്ന് പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് കരുതുന്നത.