ന്യൂദല്‍ഹി: ലക്‌നൗവില്‍ ബി എസ് പി സംഘടിപ്പിച്ച മഹാറാലിയിന്‍ മായാവതിയെ പ്രവര്‍ത്തകര്‍ അണിയിച്ച ആയിരം രൂപയുടെ നോട്ടുകള്‍ കൊണ്ടുള്ള ഭീമന്‍ നോട്ടുമാലയെക്കുറിച്ച് ഇന്‍കം ടാക്‌സ് വിഭാഗം പരിശോധിക്കും. പണത്തിന്റെ ഉറവിടത്തെ കുറിച്ചാണ് അന്വേഷണം.

ബി എസ് പിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന റാലിയിലായിരുന്നു സംഭവം. ഏകദേശം 5കോടി രൂപയുടെ 1000രൂപ നോട്ടുകള്‍ കൊണ്ടാണ് മാല നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. റാലിക്കായി 200 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഏതെല്ലാം ബാങ്കില്‍ നിന്ന്, ഏതെല്ലാം അക്കൗണ്ടുകളില്‍ നിന്നാണ് പണം പിന്‍വലിച്ചത് എന്നീ കാര്യങ്ങളും അന്വേഷണത്തില്‍ വരും. പോലീസ് ഇന്റലിജന്‍സ് വിഭാഗത്തോട് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആദായനികുതി വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നോട്ടുമാല വിവാദം ലോക്‌സഭയില്‍ വന്‍ ബഹളത്തിന് കാരണമായി. മാല നിര്‍മ്മിക്കുന്നതിന് ചെലവഴിച്ച പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്, ബി ജെ പി., എസ് പി എം പിമാര്‍ ആവശ്യപ്പെട്ടു. മായവതി, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും അഴിമതിയിലൂടെയാണ് ഫണ്ട് കണ്ടെത്തുന്നെതെന്നും ബി ജെ പി എം പിമാര്‍ ആരോപിച്ചു.