dhoni2

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം.

റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ അമ്രപാലി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ ശര്‍മ ധോണിക്ക് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ സംബന്ധിച്ചാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. ആദായ നികുതി വകുപ്പിന്റെ റാഞ്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

അമ്രപാല്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്തിന് 25 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തവും ഈ ഗ്രൂപ്പിലുണ്ട്.

അമ്രപാലി ഗ്രൂപ്പിന്റെ ദല്‍ഹിയിലെയും ഉത്തര്‍ പ്രദേശിലെയും ഓഫീസുകളില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന റെയ്ഡിന് ശേഷം ആദായ നികുതി വകുപ്പ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലെ ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ധോണിയുടെ നാടായ റാഞ്ചിയിലെ കമ്പനി ഓഫീസ് കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പ് അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

ഇതുമായി ബന്ധപ്പെട്ട് ധോണിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. 2012 സാമ്പത്തിക വര്‍ഷത്തില്‍ ഇഷ്യൂ ചെയ്ത ചെക്ക് ഈ വര്‍ഷം മാത്രമെ മാറാനാകൂ.

ചെക്കിനെ സംബന്ധിച്ച് ധോണിയും അമ്രപാലി ഗ്രൂപ്പും പരസ്പര വിരുദ്ധമായ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്. കമ്പനിയിലെ നിക്ഷേപത്തിനുള്ള സെക്യൂരിറ്റിയാണ് ഈ ചെക്കെന്നാണ് ധോണിയുടെ വക്താവ് പറയുന്നത്. എന്നാല്‍ റാഞ്ചിയില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനുള്ള ഗ്യാരണ്ടിയാണിതെന്നാണ് അമ്രപാലി മാഹി ഡെവലെപ്പേഴ്‌സിന്റെ വിശദീകരണം.

അതേസമയം ചെക്കില്‍ കമ്പനിയുടെ പേരിന് പകരം എന്തിന് ധോണിയുടെ പേര് നല്‍കി എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.