എഡിറ്റര്‍
എഡിറ്റര്‍
ഇത് വിന്‍സ്… 25 വയസ്സ്… പത്രമുതലാളി…
എഡിറ്റര്‍
Wednesday 23rd May 2012 6:21pm

ജിന്‍സി ബാലകൃഷ്ണന്‍

കൊടുങ്ങല്ലൂരിലെ താരമാണ് വിന്‍സ്. എല്ലാ മാസവും ആദ്യം സ്വന്തം പത്രവുമായി വിന്‍സ് എത്തുന്നതും കാത്തിരിക്കുന്ന കുറേ കുട്ടികളുണ്ടിവിടെ. പാതിവഴിയില്‍ പഠനം നിര്‍ത്തിയിറങ്ങേണ്ടി വന്നതിന്റെ വേദന മനസിലൊളിപ്പിച്ച് വിന്‍സ് ഓരോ സ്‌കൂളുകളും കയറിയിറങ്ങും. കുട്ടികളെക്കാണും, അവര്‍ക്ക് പത്രം നല്‍കും. അവരില്‍ നിന്നും കഥകളും കവിതകളും ശേഖരിക്കും. പിന്നെ അടുത്തമാസം പത്രമിറക്കാനുള്ള പണിയാണ്.

കൊടുങ്ങല്ലൂര്‍ ചാപ്പാറ സ്വദേശി വിന്‍സിനെ അറിയാത്തവരായി ആരും കാണില്ല. നാട്ടുകാര്‍ക്ക് വിന്‍സ് നല്ലൊരു ബിസിനസുകാരനാണ്. പത്രമുതലാളി, കച്ചവടക്കാരന്‍, ബാലസാഹിത്യകാരന്‍ വിന്‍സിന് നല്‍കാന്‍ ഒരുപാട് വിശേഷണങ്ങളുള്ള അവരുടെ കയ്യില്‍. ഇതിലാരാണെന്ന് വിന്‍സിനോട് ചോദിച്ചാല്‍ ഇതെല്ലാം ചേര്‍ന്നതാണ് ഞാന്‍ എന്ന് അദ്ദേഹം പറയും.

കെട്ടിട നിര്‍മാണ് തൊഴിലാളിയായ ക്ലീറ്റസിന്റെ മൂന്ന് മക്കളില്‍ മൂത്തവനാണ് ഈ 25 കാരന്‍. പണിക്കിടയില്‍ ക്ലീറ്റസ് കെട്ടിടത്തില്‍ നിന്ന് വീണ് കിടപ്പിലായി. അതോടെ അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്തം വിന്‍സിന്റെ തലയിലായി. പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും എട്ടാം ക്ലാസില്‍വച്ച് പഠനം നിര്‍ത്തേണ്ടി വന്നു. അപ്പച്ഛനെപ്പോലെ കെട്ടിടനിര്‍മാണം തന്നെയാണ് വിന്‍സും തിരഞ്ഞെടുത്തത്. ഇതിനിടയില്‍ മറ്റ് ചെറിയ ചെറിയ ജോലികളും ചെയ്യും.

പള്ളിക്ക് വേണ്ടി കൂപ്പണ്‍ അടിപ്പിക്കാന്‍ വേണ്ടി പ്രസില്‍ പോകാന്‍ ഫാദര്‍ വിന്‍സിനെയാണ് ചുമതലപ്പെടുത്താറ്. പ്രസില്‍വച്ച് ചില സാഹിത്യകാരെയും മറ്റും പരിചയപ്പെടാനിടയായതാണ് വിന്‍സിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അവരാണ് പത്രത്തിന്റെ സാധ്യതകളെക്കുറിച്ച് വിന്‍സിന് പറഞ്ഞുകൊടുത്തത്. ബാലസാഹിത്യം ഏറെ ഇഷ്ടപ്പെട്ടിരുന്ന വിന്‍സിന്റെ മനസില്‍ നേരത്തെ തന്നെ ഈ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അത് മറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പള്ളിയിലെ ഫാദറും, പരിചയക്കാരുമൊക്കെ ആവശ്യപ്പെട്ടപ്പോള്‍ ആ വഴിയേ ഒന്ന് നടന്നുനോക്കാന്‍ വിന്‍സും തീരുമാനിച്ചു.

കൊടുങ്ങല്ലൂര്‍ കോ-ഓപ്പറേറ്റീവ് കോളേജും മറ്റ് ചില സ്ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നു. കയ്യിലുണ്ടായിരുന്ന കുറച്ചു പണം വിന്‍സും എടുത്തു. അങ്ങനെ കുട്ടിപത്രം എന്ന പേരില്‍ നാല് പേജുള്ള വിന്‍സിന്റെ ടാബ്ലോയ്ഡ് മാസിക പുറത്തിറങ്ങി.  കുറച്ചു കോപ്പികള്‍ മാത്രമാണ് ആദ്യം അച്ചടിച്ചിരുന്നത്. അത് സ്‌കൂളുകളിലെത്തി ആവശ്യക്കാര്‍ക്ക് നല്‍കും.

ഈ ബിസിനസില്‍ മുതലാളിയും തൊഴിലാളിയുമൊക്കെ വിന്‍സാണ്. ശേഖരണവും മാര്‍ക്കറ്റിംഗും വിതരണവുമെല്ലാം ഒറ്റയ്ക്ക് ചെയ്യും. ലേ ഔട്ടും പാതി വിന്‍സിന്റേതാണ്. ഐഡിയ അദ്ദേഹം പറയും പ്രസിലെ ജോലിക്കാര്‍ അങ്ങനെ ചെയ്തു നല്‍കും.

ആദ്യമൊന്നും കുട്ടിപ്പത്രത്തിന് വലിയ സ്വീകരണം ലഭിച്ചില്ല. പലപ്പോഴും മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടില്ല. എന്നാല്‍ വിന്‍സ് നിരാശപ്പെട്ടില്ല. കൊടുങ്ങല്ലൂരിലെ കടകളെ പരസ്യത്തിനായി അദ്ദേഹം സമീപിച്ചു. ആദ്യമൊന്നും ഫലം കണ്ടില്ലെങ്കിലും പിന്നീട് പരസ്യങ്ങള്‍ ലഭിച്ചു തുടങ്ങി. സ്‌കൂളിലെത്തി കുട്ടികളും കഥകളും കവിതകളും ശേഖരിച്ചു കുട്ടിപത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങി. അതോടെ കുട്ടികള്‍ പത്രത്തിന്റെ സ്ഥിരം വരിക്കാരായി. ടീച്ചര്‍മാരും അവരുടെ എഴുത്തുകള്‍ നല്‍കാന്‍ തുടങ്ങി. അങ്ങനെ കുട്ടിപ്പത്രം വളരാന്‍ തുടങ്ങി.

ബന്ധുവായിരുന്ന ഒരു ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറുടെ നിര്‍ദേശപ്രാകാരമാണ് ലൈസെന്‍സ് എടുക്കാന്‍ വലിയ രീതിയല്‍ പത്രം നടത്തിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ആറ് മാസം കൊണ്ട് ലൈസന്‍സ് കിട്ടി. പിന്നെ കുട്ടിപ്പത്രത്തിന്റെ പേരുമാറ്റി ‘വിദ്യാകേളി’യെന്നാക്കി.

ഇന്ന് എല്ലാമാസവും ആദ്യവാരം വിദ്യാകേളി തൃശൂര്‍ ഏറണാകുളം ജില്ലകളിലെ മിക്ക സ്‌കൂളുകളിലുമെത്തും. 35000 കോപ്പിയാണ് ഓരോ മാസവും അച്ചടിച്ച് വിതരണം ചെയ്യുന്നത്. ആദ്യകാലത്ത് 2 രൂപനിരക്കിലാണ് വിറ്റിരുന്നതെങ്കിലും ഇപ്പോള്‍ മൂന്ന് രൂപയാക്കി. 600 ഓളം വീടുകളും ഈ പത്രത്തിന്റെ വരിക്കാരാണ്.

പലപ്പോഴും പത്രം എല്ലാ സ്‌കൂളുകളിലുമെത്തിക്കുന്നത് വിന്‍സ് തന്നെയാണ്. അല്ലെങ്കില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൂലി കൊടുത്ത് ചെയ്യിക്കും. സ്ഥിരം ജോലിക്കാര്‍ ആരുമില്ല. പത്രം വാങ്ങുന്ന സ്‌കൂളുകളിലെ ടീച്ചര്‍മാര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ടീച്ചര്‍മാരില്‍ നിന്നും അവരുടെ രചനകള്‍ ശേഖരിച്ച് വിന്‍സിന് നല്‍കും. വിന്‍സ് അതില്‍ നിന്നും നല്ല രചനകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധപ്പെടുത്തും.

വിദ്യാകേളി ഇപ്പോള്‍ ലാഭത്തിലാണ്. നിര്‍മാണ ചിലവ് കഴിഞ്ഞ് മാസം നാലഞ്ചാരിയിരം രൂപ ഈ പത്രത്തില്‍ നിന്ന് ലഭിക്കും. വിദ്യാകേളിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ തുടങ്ങാനും വിന്‍സ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ പണികള്‍ പുരോഗമിക്കുകയാണെന്ന് വിന്‍സ് പറയുന്നു.

വിദ്യാകേളിയ്‌ക്കൊപ്പം കുഞ്ഞാറ്റയെന്ന പേരില്‍ വിന്‍സിന്റെ ബാലസാഹിത്യസമാഹാരവും ഇപ്പോള്‍ വില്‍ക്കാന്‍ തുടങ്ങി. കുഞ്ഞാറ്റയുടെ രണ്ടാമത്തെ പതിപ്പിന്റെ പണിയിലാണ് വിന്‍സിപ്പോള്‍. പെര്‍ഫ്യൂമുകള്‍, സോപ്പ്, സൊപ്പ് പൊടി തുടങ്ങിയ വില്‍ക്കുന്ന ഒരു കടയും വിന്‍സിനുണ്ട്. കൂടാതെ കൊന്തനിര്‍മിച്ച് വില്‍ക്കുന്ന ബിസിനസും ഇപ്പോള്‍ തുടങ്ങിയിരിക്കുകയാണ്. 30 ഓളം സ്ത്രീകളാണ് ഈ പുതിയ സംരംഭത്തിലുള്ളത്. വിന്‍സ് കൊന്ത നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ ഇവര്‍ക്ക് നല്‍കുകയും ഇവര്‍ വീട്ടില്‍ നിന്നും അത് കൊന്തയാക്കി വിന്‍സിന് തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. വിന്‍സ് ഇത് ഏറണാകുളത്തും തൃശൂരുമൊക്കെയുള്ള പള്ളികളില്‍ വില്‍ക്കുന്നു.

ഇത് മാത്രമല്ല, ഇനിയും ഒരുപാട് ഐഡിയകളുണ്ട് വിന്‍സിന്റെ മനസില്‍. പ്രാദേശിക ന്യൂസുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി പത്രം ഉഷാറാക്കണം, മറ്റ് സാഹിത്യകാരന്‍മാരുടെ രചനകള്‍ പ്രസിദ്ധീകരിക്കാനായി വിദ്യാകേളി പബ്ലിക്കേഷന്‍സ്  തുടങ്ങണം. പ്രസിദ്ധപ്പെടുത്താനായി ചില രചനകള്‍ തനിക്ക് ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് വിന്‍സ് പറയുന്നു.

‘ബിസിനസ് മെച്ചപ്പെട്ടുവരുന്നു. ഇനി പഠിത്തം തുടര്‍ന്നൂടെയെന്ന് പലരും ചോദിക്കുന്നുണ്ട്. സ്‌കൂളിലെ ദിലീപ് മാഷും, കൈമള്‍മാഷും സിജോയ് മാഷുമൊക്കെ ഓപ്പണ്‍ ഡിഗ്രിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. പഠിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. നേരത്തെ കല്‍പ്പണിക്ക് പോകുമ്പോള്‍ പത്താംക്ലാസ് പരീക്ഷയെഴുതാനൊരുങ്ങിയിരുന്നു. പരീക്ഷയടുപ്പിച്ച് പണിത്തിരക്കായി. ലീവെടുക്കാന്‍ എഞ്ചിനീയര്‍ സമ്മതിച്ചില്ല. അങ്ങനെ പരീക്ഷയെഴുതിയില്ല. അപ്പോള്‍ കിട്ടിയ ഫെയില്‍ഡ് സര്‍ട്ടിഫിക്കറ്റുണ്ട് വീട്ടില്‍.’ വിന്‍സ് പറഞ്ഞു.

ഇനിയുമെന്തെങ്കിലും മനസിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ‘ഉള്ളത് നന്നാക്കിയിട്ട് മതി വേറൊന്ന് നോക്കുന്നത് എന്നാണ് അമ്മച്ചി പറയുന്നത്’ എന്ന് വിന്‍സിന്റെ മറുപടി.

Advertisement