പെരാംമ്പലൂര്‍: തമിഴ്‌നാട്ടിലെ പെരാംമ്പലൂരിലെ പെരാലി ഗ്രാമത്തില്‍ ജാതിവിവേചനം ഇന്നും നിലനില്‍ക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും, സമരങ്ങള്‍ക്കും ഇവിടെ നിലനില്‍ക്കുന്ന ജാതി വിവേചനത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹിന്ദു ദളിത് വിഭാഗത്തിലുള്ള ആളുകള്‍ക്ക് ഇവിടുത്ത ഉയര്‍ന്ന് ജാതിയില്‍പ്പെട്ടയാളുകള്‍ ജീവിക്കുന്ന തെരുവുകളിലൂടെ സൈക്കിളില്‍ പോകുന്നതിന് വിലക്കാണ്. ഈ വിലക്ക് ലംഘിക്കുന്നവര്‍ ശകാരവും, ഭീഷണിയും നേരിടേണ്ടിവരും.

2002ല്‍ ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. ഭരണകൂടം നിര്‍ബന്ധിച്ച് ഇവിടുത്തെ ദളിത് ആണ്‍കുട്ടികളെ ഉയര്‍ന്ന ജാതിക്കാര്‍ താമസിക്കുന്ന തെരുവിലൂടെ സൈക്കിള്‍ യാത്ര ചെയ്യിച്ചിരുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യം അധികകാലം നിലനിന്നില്ല.

ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളിലേക്കുള്ള എളുപ്പവഴിയായിട്ടുകൂടി ഉയര്‍ന്ന ജാതിക്കാര്‍ താമസിക്കുന്ന തെരുവിലൂടെ പോകാന്‍ കഴിയില്ല. ഇതുവഴി പോകുകയാണെങ്കില്‍ ഇവരെ സൈക്കിളില്‍ നിന്ന് വലിച്ച് തിരക്കേറിയ പെരാംമ്പലൂര്‍ അരിയാലൂര്‍ ഹൈ റോഡിലൂടെ പോകാന്‍ പറയുമെന്ന് 49കാരനായ അയ്യകണ്ണു പറയുന്നു. ഉന്നതകുലജാതരുടെ തെരുവുകളിലൂടെ ദളിതനായ പോസ്റ്റ്മാസ്റ്റര്‍ക്ക് കൂടി സൈക്കിളില്‍ പോകാന്‍ കഴിയില്ല.

ഇതിനെതിരെ പ്രതിഷേധിച്ച് മടുത്ത് ഒടുക്കം ഇതൊന്നും മാറാന്‍ പോവില്ലെന്ന് ആശ്വസിച്ച് നില്‍ക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. ഇവിടങ്ങളിലെ അമ്പലങ്ങളില്‍ പോലും ദളിതര്‍ക്ക് വിലക്കാണ്.

എന്നാല്‍ ദളിതര്‍ക്ക് ഇവിടെ ഇത്തരത്തിലുള്ള യാതൊരു വിലക്കുമില്ലെന്നാണ് ഉന്നതകുല ജാതിക്കാരനായ ്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.