ന്യൂദല്‍ഹി: എന്‍.ഡി.എ വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ന്യൂസ് വെബ്സൈറ്റായ ദ വയര്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി. ബംഗളുരുവിലെ കോടതിയാണ് ലേഖനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വയറിന് നോട്ടീസ് നല്‍കിയത്.

കോടതിയുടെ നടപടി അസാധാരണമാണെന്ന് ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പ്രതികരിച്ചു. ലേഖനത്തിനെതിരായ പരാതിയെക്കുറിച്ചോ കോടതി നടപടികളെക്കുറിച്ചോ തങ്ങള്‍ക്ക് യാതൊരു നോട്ടീസും ലഭിച്ചിരുന്നില്ല. കോടതി ഉത്തരവ് സംബന്ധിച്ച് അറിയുന്നത് ചന്ദ്രശേഖരന്റെ അഭിഭാഷകന്‍ അയച്ച നോട്ടീസ് വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രശേഖരനെതിരെ വയര്‍ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളാണ് വിവാദത്തിന് ആധാരം. ടൈംസ് നൗ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുമായി ചേര്‍ന്ന് ചന്ദ്രശേഖരന്‍ ആരംഭിക്കുന്ന റിപ്പബ്ലിക് ടി.വി എന്ന ചാനലിനെക്കുറിച്ച് ജനുവരി 25ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഒന്ന്.

എം.പിയായിരിക്കെ ചന്ദ്രശേഖരന്‍ പ്രതിരോധ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടുന്ന സച്ചിന്‍ റാവുവിന്റെ ലേഖനമായിരുന്നു മറ്റൊന്ന്. ഇതുരണ്ടും നീക്കാനാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതി ഉത്തരവ് അറിയിച്ചിട്ടുള്ള ചന്ദ്രശേഖരന്റെ അഭിഭാഷകന്റെ നോട്ടീസ് മാര്‍ച്ച് മൂന്നിനാണു ദ വയറിനു ലഭിച്ചത്. ്ബംഗളുരുവിലെ സിവില്‍ കോടതിയുടേതാണ് ഉത്തരവ്.


Dont Miss മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റ്: കസ്റ്റഡിയിലെടുത്ത യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി 


അതേസമയം ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും വരദരാജന്‍ അറിയിച്ചു. ‘ഇതിനെതിരെ നീങ്ങിയില്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കും മറ്റ് ശക്തരായവര്‍ക്കും ്മാധ്യമ സ്വാതന്ത്ര്യത്തെ തകര്‍ത്ത് സമാനമായ രീതിയില്‍ നീങ്ങാനുള്ള ഒരു വഴി കാട്ടലാവും അത്. ‘ അദ്ദേഹം വ്യക്തമാക്കി.

പ്രസ്തുത ലേഖനത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ദ വയര്‍ അവരെ സഹായിക്കുകയാണെന്നുമാണ് ചന്ദ്രശേഖര്‍ ആരോപിക്കുന്നത്.