എഡിറ്റര്‍
എഡിറ്റര്‍
കോടതിയില്‍ നിയമലംഘനം; മുര്‍സിയുടെ വിചാരണ ജനുവരി എട്ടിലേക്ക് മാറ്റി
എഡിറ്റര്‍
Tuesday 5th November 2013 6:34am

mursi

കെയ്‌റോ: ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് മുഹമ്മദ് ##മുര്‍സി യുടെ വിചാരണ ജനുവരി എട്ടിലേക്ക് മാറ്റി. കോടതി നിയമങ്ങള്‍ മുര്‍സി ലംഘിച്ചതിനെ തുടര്‍ന്നാണ് വിചാരണ മാറ്റി വെച്ചത്.

തിങ്കളാഴ്ച്ച രാവിലെ കോടതിയില്‍ എ്ത്തിയ മുര്‍സി മുദ്രാവാക്യം മുഴക്കി. ഔദ്യോഗിക വേഷത്തില്‍ എത്തിയ മുര്‍സിയോട് വേഷം മാറാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഇപ്പോഴും ഈജിപ്തിന്റെ പ്രസിഡന്റ് തന്നെയാണെന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുള്ള മുര്‍സിയുടെ മറുപടി.

2012 ഡിസംബറില്‍ കൈറോയിലെ ഇത്തിഹാദിയ കൊട്ടാര പരിസരത്ത് തടിച്ചുകൂടിയ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയ കേസിലാണ് മുര്‍സിക്കും മറ്റ് ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരെ ഇടക്കാല സര്‍ക്കാര്‍ കേസെടുത്തത്.

ജൂലൈ മൂന്നിന് സ്ഥാനഭ്രഷ്ടനായ ശേഷം ആദ്യമായാണ് മുര്‍സി പൊതുവേദിയില്‍ ഹാജരാകുന്നത്.  വധശിക്ഷ വരെ വിധിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഭരണഘടനപ്രകാരം രാജ്യത്തിന്റെ ഭരണാധികാരി താന്‍ തന്നെയാണെന്നായിരുന്നു മുര്‍സി കോടതിയില്‍ പറഞ്ഞത്. ഭരണാധികാരിയായതിനാല്‍  മാന്യതക്ക് നിരക്കാത്ത  വേഷങ്ങള്‍ ധരിക്കില്ലെന്നും മുര്‍സി കോടതിയില്‍ പറഞ്ഞു.

തന്നെ നിര്‍ബന്ധപൂര്‍വമാണ് കോടതിയില്‍ ഹാജരാക്കിയത്. നീതികാക്കേണ്ട ജഡ്ജിമാര്‍ തന്നെ അതിനെ അട്ടിമറിക്കരുത്. കോടതിയില്‍ ആരുടേയും ചോദ്യത്തിന് താന്‍ മറുപടി പറയേണ്ടതില്ലെന്നും മുര്‍സി കോടതിയില്‍ പറഞ്ഞു.

മുര്‍സിക്കൊപ്പം മറ്റ് ബ്രദര്‍ഹുഡ് നേതാക്കളും മുദ്രാവാക്യം വിളിയാരംഭിച്ചതോടെ വിചാരണ മാറ്റിവെക്കുകയായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ നിന്നും മുര്‍സിയെ ജയിലിലേക്ക് മാറ്റാനും തീരുമാനിച്ചു.

കോടതിപരിസരത്ത് മുര്‍സി അനുകൂലികളും പ്രതികൂലികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അവസാന നിമിഷമാണ് വിചാരണവേദി തോറ ജയിലില്‍നിന്ന് പൊലീസ് അക്കാദമിയിലേക്കു മാറ്റിയത്.

Advertisement