ഭോപ്പാല്‍: നിര്‍ണ്ണായകമായ ചിത്രകൂട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്. 14000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ മധ്യപ്രദേശിലെ ചിത്രകൂടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.

സിറ്റിംഗ് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രേം സിംഗിന്റെ മരണത്തെ തുടര്‍ന്ന് വന്ന വിടവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കനത്ത മത്സരം കണ്ട പ്രചരണത്തിനൊടുവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര്‍ ദയാല്‍ ത്രിപാഠിയെ 14133 വോട്ടുകള്‍ക്ക് പിന്തള്ളി കോണ്‍ഗ്രസിന്റെ നിലാംഷു ചതുര്‍വേദി വിജയം കൊയ്യുകയായിരുന്നു.

12 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. ചതുവേര്‍ദിയ്ക്ക് 68810 വോട്ടും ത്രിപാഠിയ്ക്ക് 52677 വോട്ടുമാണ് ലഭിച്ചത്.


Also Read: ‘പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടി ബി.ജെ.പിയല്ല’; ട്വീറ്റുകള്‍ പിഡിയും താനും വീതിച്ചെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി


അഴിമതിയും ഭരണ വിരുദ്ധ വികാരവുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണ തന്ത്രങ്ങള്‍. 1998,2003,2013 തെരഞ്ഞെടുപ്പുകളില്‍ പ്രേം സിംഗായിരുന്നു ഇവിടുത്തെ പ്രതിനിധി. ഇടക്കാലത്ത് 2008 ല്‍ ബി.ജെ.പിയുടെ സുരേന്ദ്ര സിംഗ് ഗാഹര്‍വാര്‍ സ്ഥാനം പിടിച്ചെടുത്തെങ്കിലും തൊട്ടടുത്ത തവണ കോണ്‍ഗ്രസ് ശക്തായി തിരികെ വരുകയായിരുന്നു.