ന്യൂദല്‍ഹി: പുരാതന ഇന്ത്യയില്‍ ദുര്‍ഗ്ഗ പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനകാര്യ മന്ത്രിയുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

മൊഹാലിയില്‍ നടന്ന ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീശാക്തീകരണമെന്ന വിഷയത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് നായിഡുവിന്റെ പ്രസ്താവന.

‘രാമരാജ്യമാണ് ഇന്നും ചരിത്രത്തിലെ എറ്റവും മഹത്തായ കാലഘട്ടം എന്നാല്‍ അതിനെ കുറിച്ച് പറഞ്ഞാല്‍ ആളുകളിന്ന് വര്‍ഗ്ഗീയതയായിട്ടേ കാണൂ’. അദ്ദേഹം പറയുന്നു. പൈതൃകത്തില്‍ അഭിമാനിക്കണമെന്നും വെങ്കയ്യ നായിഡു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരോട് ആവശ്യപ്പെട്ടു.

എനിക്കൊപ്പമുള്ളവര്‍ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ട് മനസു തുറന്നു സംസാരിക്കരുതെന്ന്. കാരണം ഞാന്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാണ്. എന്നാല്‍ ഞാന്‍ മനസു തുറന്നു സംസാരിച്ചാല്‍ അതെന്റെ ആരോഗ്യത്തെ ബാധിക്കുമത്രേ.. വെങ്കയ്യ നായിഡു പറയുന്നു.


Also Read:  ‘രാമലീല’ ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്നത് ചങ്ങലക്കിടാത്ത ‘സാംസ്‌കാരികവും സദാചാരപരവുമായ’ ഭ്രാന്ത്; ദിലീപിന്റെ പുതിയ സിനിമക്ക് പിന്തുണയുമായി മുരളീഗോപി


രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ചര്‍ച്ചകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘അഫ്‌സല്‍ ഗുരുവിന്റെ വിഷയത്തില്‍ പലരും അവരുടെ അഭിപ്രായം വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്ത് തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പൗരനുണ്ട്. എന്നാലത് ഭരണഘടനയുടെ ചട്ടക്കൂടിന് പുറത്ത് പോകരുത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയില്‍ മതേതരത്വം കരുത്തുറ്റതാണെന്നും അതിന്റെ കാരണം രാജ്യത്തിന്റെ ഡി.എന്‍.എയാണെന്നും അസഹിഷ്ണുതയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.