മോസ്‌കോ: റഷ്യയിലെ യുറാല്‍ മലനിരകള്‍ക്ക് സമീപം ഉല്‍ക്ക വീണ് ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 1,500 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ചെല്യാബിന്‍സ്‌കിന് സമീപമാണ് ഉല്‍ക്ക പതിച്ചത്.

Ads By Google

Subscribe Us:

ഇന്നലെ രാവിലെ ഒമ്പതരയോടെ ശക്തമായ മഴപോലെയായിരുന്നു ഉല്‍ക്കയുടെ അവശിഷ്ടങ്ങള്‍ പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമുദ്രനിരപ്പില്‍നിന്ന് 32,000ത്തോളം അടി ഉയരത്തില്‍ വെച്ചാണ് ഉല്‍ക്ക പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉല്‍ക്ക വീണ് അനേകം കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് പറ്റി. സിങ്ക് വ്യവസായ ശാലയുടെ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു. ആണവോര്‍ജശാലയടക്കം അനേകം വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ഉല്‍ക്കകള്‍ പതിച്ചത്.

ഉല്‍ക്കയുടെ പ്രധാനഭാഗം ചെബാര്‍കുള്‍ എന്ന പ്രദേശത്തെ തടാകത്തില്‍ വീണതായി ചെല്യാബിന്‍സ്‌ക് ഗവര്‍ണര്‍ മിഖായേല്‍ യുറേവിച്ച് പറഞ്ഞു. ചിലവ ആകാശത്ത് തന്നെ കത്തിയമര്‍ന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

പശ്ചിമ സൈബീരിയയിലെ ടിയുമെന്നിലും വടക്കന്‍ കസാഖ്താനിലെ സ്വെര്‍ദലോവസ്‌ക് മേഖലയിലും ഇവയുടെ അവശിഷ്ടങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വാല്‍നക്ഷത്രങ്ങളുടെയോ ക്ഷുദ്രഗ്രഹങ്ങളുടെയോ പൊട്ടിത്തകര്‍ന്ന അവശിഷ്ടങ്ങളാണ് ഉല്‍ക്കകളായി പതിക്കുന്നത്. 50 മീറ്റര്‍ വീതിയുള്ള ഛിന്നഗ്രഹം ഇന്ന്  പുലര്‍ച്ചയോടെ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നുണ്ട്.

20,000ത്തോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.