ന്യൂദല്‍ഹി: 1995-2010 കാലഘട്ടത്തില്‍ ഇന്ത്യയില്‍ രണ്ടരലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യങ്ങളെയും കുറിച്ചുള്ള ദ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

1995ലാണ് എന്‍.സി.ആര്‍.ബി ആത്മഹത്യ മരണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്. അതിനുശേഷമുള്ള 16 വര്‍ഷത്തെ കണക്കുകള്‍ എടുക്കുകയാണെങ്കില്‍ 2,56,913 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. ഇത്രയും വലിയ കര്‍ഷക ആത്മഹത്യ മനുഷ്യചരിത്രത്തില്‍ ഇതാദ്യമായാണ്.

രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയാണ് കര്‍ഷക ആത്മഹത്യയില്‍ ഒന്നാം സ്ഥാനത്ത്. 50,000 പേരാണ് പ്രസ്തുത കാലയളവില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യചെയ്തത്. കര്‍ഷക ആത്മഹത്യയുടെ മൂന്നിലൊന്നും സംഭവിച്ചത് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലാണ് കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടിയത്. 2003-2010 കാലഘട്ടത്തില്‍ 1,35,756 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 1995-2002വരെ ഇത് 1,21,157 ആയിരുന്നു. അതായത് 2003നും 2010നും ഇടയില്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്തത് ശരാശരി 1,825 കര്‍ഷകരാണ്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് കര്‍ഷകരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്. 1991ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2001ലെ സെന്‍സസില്‍ 70 ലക്ഷം കര്‍ഷകര്‍ കുറഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ എണ്ണം കുറവായിരുന്നിട്ടും ഇന്ത്യ കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുകയാണെന്നാണ് ഇതില്‍ നിന്നും നമുക്ക് മനസിലാക്കാനാവുന്നത്.

എന്നാല്‍ 2009ലെ കര്‍ഷക ആത്മഹത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 2010ല്‍ ആത്മഹത്യാ നിരക്ക് കുറഞ്ഞിട്ടുണ്ടെന്ന് പറയാം. 2009ല്‍ 17,368ഉം 2010ല്‍ 1,404 കര്‍ഷകരായിരുന്നു ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതില്‍ ആശ്വസിക്കേണ്ടതില്ലെന്നാണ് ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിലെ സാമ്പത്തിക വിദഗ്ധന്‍ പ്രഫസര്‍ കെ. നാഗരാജ് പറയുന്നത്. ‘ഇതേ സ്ഥിതിയായിരുന്നു 2008ല്‍. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കര്‍ഷകാത്മഹത്യ മുന്‍കാല റെക്കോര്‍ഡ് ഭേദിക്കുന്നതാണ് നമ്മള്‍ കണ്ടത്. ഒരു വര്‍ഷം ആത്മഹത്യ കുറഞ്ഞു എന്നതിനര്‍ത്ഥം നമ്മള്‍ പ്രശ്‌നം പരിഹരിച്ചുവെന്നല്ല. ഈ കുറവുണ്ടായത് മധ്യപ്രദേശിലും, ഛത്തീസ്ഗഢിലും കര്‍ഷക ആത്മഹത്യ കുറഞ്ഞതുകൊണ്ടാണ്.’

malayalam news