വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് താമസിയാതെ സംസാരശേഷിയും വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ജഗതിയുടെ കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സയുടെ ഭാഗമായി വീല്‍ചെയറില്‍ മുറിയുടെ പുറത്തേക്ക് കൊണ്ടുപോകാനും ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ജഗതി ഇപ്പോള്‍ എല്ലാവരെയും തിരിച്ചറിയുന്നുണ്ട്. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതം മൂലം ശരീരത്തിന്റെ വലതുഭാഗം പൂര്‍ണ്ണമായും തളര്‍ന്നുപോയിരുന്നു. ചലനശേഷി വീണ്ടെടുത്ത അദ്ദേഹത്തിന് ഇത് മെച്ചപ്പെടുത്താന്‍ എന്നും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്.

ആഹാരം ഇപ്പോഴും ട്യൂബിലൂടെ തന്നെയാണ് നല്‍കിവരുന്നത്. രാവിലെ ഇഡ്‌ലിയും ഉച്ചയ്ക്കും വൈകുന്നേരവും കഞ്ഞിയും നല്‍കും. തൊണ്ടയിലെ ട്യൂബ് അടുത്ത ആഴ്ച നീക്കം ചെയ്യും. അതിനുശേഷം സംസാരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

മാര്‍ച്ച് 10ന് കോഴിക്കോടുവച്ചാണ് ജഗതി അപകടത്തില്‍പ്പെട്ടത്. മിംസ് ആശുപത്രിയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ഏപ്രില്‍ 12നാണ് വെല്ലൂരിലേക്ക് മാറ്റിയത്.  തലച്ചോറിന്റെ ഇടതുഭാഗത്തേറ്റ ക്ഷതം മൂലം ശരീരത്തിന്റെ വലതുഭാഗംപൂര്‍ണമായി തളര്‍ന്ന നിലയിലാണ് വെല്ലൂരില്‍ എത്തിച്ചത്.

സി.എം.സി ന്യൂറോ വിഭാഗത്തിലെ ഡോ. മാത്യു അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജഗതിയെ ചികിത്സിക്കുന്നത്.