തിരുവനന്തപുരം: തടവില്‍ കഴിയവേ മൊബൈല്‍ ഉപയോഗിച്ച സംഭവത്തില്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തടവ് കാലാവധി നാല് ദിവസം കൂടി നീട്ടി. ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജയില്‍പുള്ളികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെ; ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന ആര്‍.ബാലകൃഷ്ണപിള്ള ചികിത്സക്ക് പ്രവേശിക്കപ്പെട്ട കിംസ് ആശുപത്രിയില്‍ നിന്നും ‘റി്‌പ്പോട്ടര്‍’ ചാനലിനോട് മൊബൈലില്‍ സംസാരിച്ച സംഭവമാണ് നടപിടക്ക് കാരണം. പിള്ളയുടെ ഫോണിലേക്ക് വിളിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് അടക്കം 40 പേരുടെ പേരുകളും പിന്നീട് ചാനല്‍ പുറത്തു വിട്ടിരുന്നു. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായും ഫോണില്‍ ബന്ധപ്പെട്ടതായി വാര്‍ത്തകള്‍ വന്നു. സംഭവം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷം മൂന്ന് തവണ സഭ സ്തംഭിപ്പിച്ചു. അടിയന്തര പ്രമേയത്തന് അനുമതി നിഷേധിച്ചത് പലതവണ സഭയില്‍ ബഹളത്തിനിടയാക്കി. ഒടുവില്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിള്ളയുടെ ഫോണ്‍ വിളിയെക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ എ.ഡി.ജി.പി ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു.

ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിള്ളയുടെ മൊബൈല്‍ നമ്പരില്‍ നിന്ന് അനവധി കോളുകളാണ് ദിവസവും പോകുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശിക്ഷ നീട്ടിയത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ ഉത്തരവ് ഇറക്കി. ജനുവരി രണ്ടിന് പിള്ളയുടെ ശിക്ഷാകാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ശിക്ഷ നീട്ടിയതോടെ ആറിന് മാത്രമേ ഇനി പിള്ളയ്ക്ക് പുറത്തിറങ്ങാനാകൂ.

അതേസമയം, തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തുവെന്ന് കാണിച്ച് പ്രതിപക്ഷം ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനും എല്‍.ഡി.എഫ് ഒരുങ്ങുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനായിരിക്കും എല്‍.ഡി.എഫിനു വേണ്ടി സുപ്രീംകോടതിയെ സമീപിക്കുക എന്നാണ് സൂചന.