ധാരാളം തൊഴിലവസരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. മത്സരാധിഷ്ഠിത ലോകത്ത് തൊഴിലവസരങ്ങള്‍ എങ്ങനെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാല്‍ അവനവന്റെ അഭിരുചിയ്ക്കും കഴിവിനുമനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പല വിദ്യാര്‍ത്ഥികളും പരാജയപ്പെടുകയാണിവിടെ.

കഠിനാധ്വാനവും പരിശീലനവുമാണ് വിജയത്തിലേക്കുള്ള എളുപ്പവഴി. സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ടു കൊണ്ടായിരിക്കണം കോഴ്‌സുകള്‍ തിരഞ്ഞെടുക്കേണ്ടത്. നമ്മുടെ കുട്ടികള്‍ സാധ്യതകള്‍ വേണ്ടത്ര മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. എവിടെയാണ് കുട്ടികള്‍ പരാജയപ്പെടുന്നത് ?.

തിരഞ്ഞെടുപ്പിലാണ് നമ്മളില്‍ പലരും പരാജയപ്പെടുന്നത്. പലരും കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന അഭിപ്രായം വെച്ചാണ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത്. ഭൂരിപക്ഷവും മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടിട്ടാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. ഒരിക്കലും മറ്റൊരാളുടെ അഭിപ്രായത്തിനു വഴങ്ങി തീരുമാനങ്ങളെടുക്കരുത്. അഭിപ്രായങ്ങളാരായാം. പക്ഷേ തീരുമാനമെടുക്കേണ്ടത് പഠിതാവ് തന്നെയായിരിക്കണം.

ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും സഹകരണം ആവശ്യമാണ്. സഹപ്രവര്‍ത്തകരുടെയോ, അയല്‍വാസികളുടെയോ, കുടുംബക്കാരുടെയോ മക്കളുമായി സ്വന്തം കുട്ടികളെ താരതമ്യം ചെയ്യാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ ഒരിക്കലും അവരുടെ ആഗ്രഹങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

സംഘര്‍ഷഭരിതമായ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ് കുട്ടികളിന്ന് കടന്നുപോകുന്നത്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയങ്ങളുണ്ടാകും. കാര്യങ്ങളെ കുറച്ചുകൂടി യാഥാര്‍ത്ഥ്യമായി കാണാനും മനസ്സിലാക്കാനും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനങ്ങള്‍ ആവശ്യമാണ്. അങ്ങിനെയല്ലാതാകുമ്പോള്‍ കുട്ടികള്‍ പലപ്പോഴും കാര്യക്ഷമതയില്ലാത്തവരായിത്തീരുന്നു. അതോടൊപ്പംതന്നെ അവരുടെ പ്രവര്‍ത്തികള്‍ സഹജീവികള്‍ക്കും അവരവര്‍ക്കുതന്നെയും അപകടകാരികളായിത്തീരുകയും ചെയ്യുന്നു.

തൊഴിലും വിദ്യാഭ്യാസവുമില്ലാത്ത രക്ഷിതാക്കള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, തുടങ്ങിയ സാഹചര്യങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഇത് മയക്കുമരുന്നുകളുടെ ഉപയോഗം, വിഷാദംരോഗം, ആത്മഹത്യാപ്രവണത തുടങ്ങിയവ പ്രത്യക്ഷമായോ പരോക്ഷമായോ കുട്ടികളെ ബാധിക്കുന്നതാണ്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് അത് മറികടക്കാന്‍ വേണ്ടുന്ന മാര്‍ഗ്ഗദര്‍ശനങ്ങള്‍ അത്യാവശ്യമാണ്. അതൊരിക്കലും ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപികയാവാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

വഴികാട്ടികള്‍ പ്രത്യേകം പരിശീലനം ലഭിച്ചവരെയായിരിക്കണം. സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേകം കൗണ്‍സിലര്‍മാരെ നിയോഗിക്കണം. ശരിയായ മാര്‍ഗനിര്‍ദേശം കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സു കഴിഞ്ഞിറങ്ങിയാലും തങ്ങളെക്കാത്തിരിക്കുന്ന അവസരങ്ങളെക്കുറിച്ചോ പ്രൊഫഷണല്‍ കോഴ്‌സുകളെക്കുറിച്ചോ ധാരണയില്ലാതെ പോകുന്നു.