ബാംഗ്ലൂര്‍: കേരളത്തിലെ എ.ഡി.ജി.പിയുടെ മകനെന്ന വ്യാജേന തട്ടിപ്പുനടത്തിയ ആള്‍ ബാംഗ്ലൂരില്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി എസ് ഷൈന്‍(30) ആണ് പോലീസ് പിടിയിലായത്. എ.ഡി.ജി.പിയുടെ മകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാംഗ്ലൂരിലെ ഒരു ബാങ്ക് മാനേജരുടെ പക്കല്‍നിന്നും 9.5 ലക്ഷം തട്ടിയെന്നാണ് കേസ്.

ഗാന്ധിഗര്‍ ബ്രാഞ്ചിലെ ഫെഡറല്‍ ബാങ്ക് മാനേജര്‍ സോളന്‍ ജോര്‍ജ്ജാണ് തട്ടിപ്പിനിരയായത്. വിദേശരാജ്യത്തെ കമ്പനിയില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. എന്നാല്‍ സംശയം തോന്നിയ സോളന്‍ കൂടുതല്‍ പണംനല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഷൈന്‍ ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സോളന്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി ഷൈനിനെ അറസ്റ്റുചെയ്യുകയായിരുന്നു. ആഭരണങ്ങളും, ലാപ്‌ടോപ്പും, മൊബൈലും ഇയാളുടെ പക്കല്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂട്ടുകാരിയ്‌ക്കൊപ്പം ആഡംബരജീവിതം നയിക്കുകയായിരുന്നു ഇയാളെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.