എഡിറ്റര്‍
എഡിറ്റര്‍
‘സാമ്രാജ്യത്വമാണ് വര്‍ഗീയ സംഘര്‍ഷങ്ങളുടെ കൊടിക്കൂറ ഉയര്‍ത്തുന്നത്’
എഡിറ്റര്‍
Saturday 18th August 2012 2:24pm

 


ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കല്‍ നയത്തിനെ പിന്തുണയ്ക്കുന്ന പങ്കാണ് ഹിന്ദുവര്‍ഗീയതയും മുസ്‌ലിം വര്‍ഗീയതയും നിര്‍വ്വഹിച്ചത്. ഇന്ത്യയിലെ തെരുവുകളില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും സമൂഹത്തിന് അകമറ്റ ദുരിതങ്ങള്‍ നല്‍കുകയും ചെയ്ത നിരവധി ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു.എസ്സേയ്‌സ്‌/രാം പുനിയാനി


കിഴക്കേനേഷ്യന്‍ രാജ്യങ്ങളിലെ ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍. ഇന്ത്യ പ്രത്യേകിച്ചും ഈ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നു. ബ്രിട്ടീഷുകാരുടെ വരവിനുശേഷമാണ് ഇന്ത്യ ഈ ദുഃസ്ഥിതി അനുഭവിക്കുന്നത്. ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കല്‍ നയത്തിന്റെ ഫലമാണിത്. അവര്‍ വര്‍ഗീയാടിസ്ഥാനത്തിലുള്ള ചരിത്രവിഭജനം ഏര്‍പ്പെടുത്തി. ജന്മിത്തത്തിന്റെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചവര്‍ ചരിത്രത്തിന്റെ ഈ വ്യാഖ്യാനം ഏറ്റെടുത്തു. അവര്‍ തങ്ങളുടെ നയങ്ങളുടെ മറയായി മതത്തെ ഉപയോഗപ്പെടുത്തി.

Ads By Google

ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കല്‍ നയത്തിനെ പിന്തുണയ്ക്കുന്ന പങ്കാണ് ഹിന്ദുവര്‍ഗീയതയും മുസ്‌ലിം വര്‍ഗീയതയും നിര്‍വ്വഹിച്ചത്. ഇന്ത്യയിലെ തെരുവുകളില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും സമൂഹത്തിന് അകമറ്റ ദുരിതങ്ങള്‍ നല്‍കുകയും ചെയ്ത നിരവധി ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. നിരവധി സാമൂഹ്യവിഭാഗങ്ങളും വ്യക്തികളും വര്‍ഗീയമായ ശത്രുത നിലനില്‍ക്കാനും വളരാനും ആഗ്രഹിക്കുന്നവരായി ഇപ്പോഴുമുണ്ട് നമ്മുടെ സമൂഹത്തില്‍.

ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അഹമ്മദാബാദില്‍ സമുദായമൈത്രി ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദിനമായി ആഘോഷിക്കുകയുണ്ടായി. വസന്തറാവു ഹസ്‌തെയുടെയും രജബ് അലി ലഖാനിയുടെയും ഓര്‍മ്മ പുതുക്കാനായിരുന്നു ഈ ദിനാഘോഷം. ഇവര്‍ രണ്ടുപേരും ആത്മസുഹൃത്തുക്കളായിരുന്നു. ഇന്ത്യാവിഭജനത്തിന് തൊട്ടുമുമ്പ് അഹമ്മദാബാദില്‍ ഇരു സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയസംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇവര്‍ ആത്മാര്‍ത്ഥമായി രംഗത്തിറങ്ങി.

പകയാല്‍ ഉന്‍മത്തരായ ജനക്കൂട്ടം ഇരുവരെയും കൊലപ്പെടുത്തി. ഇവരുടെ രക്തസാക്ഷിത്വദിനം വിവിധ സംഘടനകള്‍ ഗുജറാത്തില്‍ ആചരിക്കുക പതിവാണ്. നിരവധി പ്രമുഖരായ വ്യക്തികളും ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും വര്‍ഗീയസംഘര്‍ഷം ഒഴിവാക്കാനുള്ള പോരാട്ടത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. 1931-ല്‍ കാണ്‍പൂരില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയസംഘര്‍ഷം തടയാന്‍ ശ്രമിച്ച ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥിയുടെ പേര് പ്രഥമസ്മരണീയമാണ്.

രാം പുനിയാനി:
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്തന്‍. മുംബൈ ഐ.ഐ.ടിയിലെ ബയോകെമിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന രാം പുനിയാനി 2004ല്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയം മുഴുകുന്നതിനായി വോളന്ററി റിട്ടയര്‍മെന്റ്‌ എടുത്തു. ഇന്ത്യന്‍ മതേതരത്വത്തിനായുള്ള പോരാട്ടത്തില്‍ നിറ സാനിദ്ധ്യമാണ് രാം പുനിയാനി.
രാജ്യത്തുടനീളം സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സെമിനാറുകളും ലക്ചര്‍ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

രാഷ്ട്രപിതാവായ ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഹിന്ദു-മുസ്ലിം ഐക്യം ഇന്ത്യയുടെ സാമൂഹ്യജീവിതത്തിലെ പ്രഥമപരിഗണനകളിലൊന്നായിരുന്നു. എല്ലാവരും സ്വാതന്ത്ര്യലബ്ധിയുടെ ആഹ്‌ളാദം അനുഭവിക്കുമ്പോള്‍ അദ്ദേഹം നവഖാലിയില്‍ വര്‍ഗീയസംഘര്‍ഷം തടയാന്‍ അക്ഷീണശ്രമം നടത്തുകയായിരുന്നു. അസാമാന്യമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അദ്ദേഹം തന്റെ സുരക്ഷയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടതേയില്ല. അക്രമാസക്തരായ ജനക്കൂട്ടത്തിനുമേല്‍ തന്റെ വിശുദ്ധമായ വിശ്വാസം എങ്ങനെ ഉറപ്പിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. ഇക്കാരണത്താലാണ് ബ്രിട്ടീഷിന്ത്യയുടെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലുമായ മൗണ്ട്ബാറ്റണ്‍ പ്രഭു ഗാന്ധിജിയെ ”ഒറ്റയാള്‍പട്ടാളം” എന്നു വിശേഷിപ്പിച്ചത്.

മനുഷ്യാതീതമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബഹുമാനപൂര്‍വ്വം നാമതെല്ലാം ഓര്‍ക്കേണ്ടതുണ്ട്. അവയില്‍നിന്ന് ഓരോരുത്തരും ധാരാളം പഠിക്കേണ്ടതാണ്. വാര്‍ഷികങ്ങള്‍ ആഘോഷിക്കുമ്പോള്‍ അവയുടെ മൂല്യങ്ങളും അറിയേണ്ടതുണ്ട്. ഇന്നത്തെ ഇന്ത്യയിലും നിര്‍ഭാഗ്യകരമെന്നുപറയട്ടെ വര്‍ഗീയലഹളകള്‍ വര്‍ധിച്ച വേഗതയോടെ മുന്നോട്ടുപോകുകതന്നെയാണ്. അവയുടെ സ്വഭാവത്തില്‍ മാറ്റം വരികയും ചെയ്യുന്നുണ്ട്.

1980നുശേഷമുള്ള ദശകങ്ങളില്‍ ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും, മീററ്റ്, മല്യാന, ഭഗല്‍പൂര്‍, ദില്ലി എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യലബ്ധിയുടെ കാലത്തേതുപോലെ ഭീതിദമായ വര്‍ഗീയസംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചു. നെല്ലിയിലെയും ദില്ലിയിലെയും കൂട്ടക്കൊലകള്‍ അങ്ങേയറ്റം അപകടകരവും എണ്ണമറ്റ മനുഷ്യജീവന്‍ അപഹരിച്ചതുമായിരുന്നു. 1992 -93 കാലത്തെ മുംബൈ സംഘര്‍ഷം വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വഷളാവുന്നതു സംബന്ധിച്ച ഗൗരവമേറിയ മുന്നറിയിപ്പായിരുന്നു. ഇത് മറ്റൊരു ന്യൂനപക്ഷമായ ക്രൈസ്തവരെ ലക്ഷ്യമിടുന്നതിലും പാസ്റ്റര്‍ സ്റ്റെയിന്‍സിനെ കൊലപ്പെടുത്തുന്നതിലേക്കും കാണ്ഡമാലിലെ വര്‍ഗീയസംഘര്‍ഷങ്ങളിലേക്കും നയിച്ചു. നമ്മുടെ കണ്ണുതുറപ്പിച്ച മറ്റൊരു സംഭവമായിരുന്നു ഇത്.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമാണ് വര്‍ഗീയസംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണം. രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നിക്ഷിപ്തതാത്പര്യങ്ങള്‍ മതത്തിന്റെ മറവിലാണ് അവതരിപ്പിക്കപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഈ പ്രതിഭാസം സാമ്രാജ്യത്വശക്തികള്‍ പെട്രോളിയം സമ്പത്ത് കയ്യടക്കാന്‍ ആഗോളമായി നടത്തുന്ന ശ്രമങ്ങളുടെ സമാന്തരപ്രവര്‍ത്തനമായാണ് നടത്തുന്നത്. സാമ്രാജ്യത്വം എണ്ണസമ്പത്ത് പിടിച്ചടക്കാന്‍ മതമൗലികവാദത്തെയും മതത്തിന്റെ പേരിലുള്ള ഭീകരവാദത്തെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ പ്രമുഖമതങ്ങളിലൊന്നിനെ ഭീകരരൂപിയാക്കി അവതരിപ്പിക്കാനും സാമ്രാജ്യത്വത്തിന് സാധിച്ചിട്ടുണ്ട്. ‘സംസ്‌കാരങ്ങള്‍ തമ്മിലുള്ള സഖ്യം’ എന്ന ആഴമേറിയ പ്രക്രിയ അട്ടിമറിക്കപ്പെടുകയും പകരം സംസ്‌കാരത്തിന്റെ സംഘര്‍ഷങ്ങളുടെ കൊടിക്കൂറ ഉയര്‍ത്തപ്പെടുകയും ചെയ്ത കാലഘട്ടമാണിത്.

മനുഷ്യചരിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തെ തെറ്റായി ചിത്രീകരിക്കുന്നതിനുദാഹരണമാണിത്. വ്യത്യസ്തസംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും ഐക്യത്തിലൂടെയാണ് മനുഷ്യസമൂഹം പുരോഗതി പ്രാപിച്ചത്. ഭരണാധികാരികളും പ്രഭുക്കന്‍മാരും അവരുടെ അധികാരത്തിനും സമ്പത്തിനുമായി പോരടിച്ചപ്പോള്‍ സാധാരണജനങ്ങളാണ് ഐക്യപ്പെടുകയും പരസ്പരം ഇടകലര്‍ന്ന് സമന്വയത്തിലൂടെ മനുഷ്യസംസ്‌കാരത്തിന്റെ ഉയര്‍ന്ന നിലപ്രാപിക്കുകയും ചെയ്തത്. ഭക്ഷണം, വസ്ത്രം, ഭാഷ, വാസ്തുശില്പം എന്തിന് ജനങ്ങളുടെ മതപാരമ്പര്യങ്ങളില്‍പോലും ഈ സവിശേഷത ദര്‍ശിക്കാം. സാമൂഹ്യപുരോഗതിയുടെ ചലിക്കുന്ന എന്‍ജിനാണ് സാമൂഹ്യമായ ഇടകലരല്‍.

രാം പുനിയാനിയുടെ ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക് ചെയ്യൂ..

Advertisement