ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച് മെന്റ് നടപടികള്‍ തുടരാമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ലോക്‌സഭാ സ്പീക്കറും കേന്ദ്രസര്‍ക്കാറും അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഇതോടെ സെന്നിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തിങ്കളാഴ്ച ലോക്‌സഭ പരിഗണിക്കും.

സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട സെന്നിനെതിരെ രാജ്യസഭ നേരത്തെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിരുന്നു. ലോക്‌സഭ തിങ്കളാഴ്ച പ്രമേയം പരിഗണികക്കാനിരിക്കെ നാടകീയമായി സെന്‍ ഇന്നലെ തന്റെ രാജി സമര്‍പ്പിച്ചിരുന്നു. രാജിക്കത്ത് രാഷ്ട്ര പതി പ്രതിഭാ പാട്ടീലിന് നല്‍കുകയായിരുന്നു. ഇതിന്റെ പകര്‍പ്പ് ലോക്‌സഭാ സ്പീക്കര്‍ക്കും അയച്ച് കൊടുത്തിരുന്നു.

എന്നാല്‍ സെന്നിന്റെ രാജിക്കത്ത് ചട്ടപ്രകാരമല്ലെന്ന ചൂണ്ടിക്കാട്ടി രാഷ്ട്രപതി തള്ളുകയായിരുന്നു. സെന്നിന്റെ രാജി സമര്‍പ്പണത്തെതുടര്‍ന്നാണ് ലോക്‌സഭയില്‍ കുറ്റവിചാരണ നടപടികള്‍ തുടരാമോ എന്ന കാര്യത്തില്‍ ലോക്‌സഭാ സ്പീക്കറും കേന്ദ്രസര്‍ക്കാറും അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയത്.

പശ്ചിമബംഗാളില്‍ അഭിഭാഷകനായിരിക്കെ രണ്ട് പൊതുമേഖലാ കമ്പനികളുടെ തര്‍ക്കത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം റിസീവറായി ചുതമലയേറ്റ സൗമിത്ര സെന്‍ പണം തിരിമറി നടത്തിയന്നെ കേസിലാണ് പാര്‍ലിമെന്റില്‍ കുറ്റവിചാരണ നേരിടുന്നത്.