എഡിറ്റര്‍
എഡിറ്റര്‍
ബിജിബാലിന്റെ സംഗീതവുമായി ‘ ഇമ്മിണി ബല്യ ഒന്ന്’ മെല്‍ബണില്‍ അരങ്ങേറുന്നു; നാടകം എത്തുന്നത് ലൈവ് മ്യൂസിക്കിന്റെ അത്ഭുതവുമായി
എഡിറ്റര്‍
Thursday 4th May 2017 8:25pm

മെല്‍ബണ്‍: ജീവിത തിരിക്കുകള്‍ക്കിടയിലും കലയെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഒരു കൂട്ടം കലാകാരന്‍മാര്‍ ഒന്നിച്ചു രംഗത്തവതരിപ്പിക്കുന്ന നാടകം ‘ഇമ്മിണി ബല്യ ഒന്ന്’ വേദിയിലേക്ക്. മെല്‍ബണ്‍ ക്ലയ്ഡ് നോര്‍ത്തിലുള്ള, ഹില്‍ ക്രെസ്റ്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് തിയേറ്ററില്‍ വച്ച് മേയ് 13 ആം തിയതി വൈകിട്ട് 6 മണിയോടെയാണ് അരങ്ങേറ്റം. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയാണ് നാടകം അരങ്ങേറുക.

ബഷീറിന്റെ മതിലുകള്‍,പ്രേമലേഖനം എന്നീ കഥകളെ ആധാരമാക്കിയാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജിമ്മി വര്‍ഗീസ് സ്ഥാപകന്‍ ആയ മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കമ്പനി ആണ് നാടകം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

മെല്‍ബനില്‍ ഉള്ള പ്രാദേശിക കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും,വിനോദവ്യവസായത്തിന്റെ അനന്തസാധ്യതകള്‍ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും, ഇന്ത്യന്‍ സിനിമ, നാടക,കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികള്‍ വരും കാലങ്ങളില്‍ ഒരുക്കുക എന്നതുമാണ് മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കമ്പനിയുടെ ലക്ഷ്യം.

1942ല്‍ ഇന്ത്യന്‍ സ്വന്തത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിയുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ കഥയാണ് ‘പ്രേമലേഖനം’.പിന്നീട് ആ ജയില്‍ ജീവിതത്തെ ആധാരമാക്കി എഴുതിയ നോവല്‍ ആണ് ‘മതിലുകള്‍’.ഈ രണ്ടു കഥകളെ ഒരു നൂലിഴയില്‍ കോര്‍ത്തിണക്കി നാടക രൂപം നല്‍കിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയാണ്.

മലയാള സിനിമാ സംഗീത സംവിധാന രംഗത്തെ പ്രശസ്തനായ ബിജിബാല്‍ സംഗീതവും, ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നിര്‍വഹിക്കുന്നു. പ്രശസ്ത തീയേറ്റര്‍, ഡോക്യുമെന്ററി ഡയറക്ടര്‍ ഡോക്ടര്‍ സാം കുട്ടി പട്ടംങ്കരി ഈ നാടകത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു.


Also Read: ‘തന്റെ തൊലി കറുത്തതാണെങ്കിലും താനും മനുഷ്യനാണ്’; വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരത്തിന് വിലക്ക്; പ്രതിഷേധവുമായി സഹതാരങ്ങള്‍


അജിത് കുമാര്‍, മിനി മധു,സുനു സൈമണ്‍, ബെനില അംബിക ,ഷിജു ജബ്ബാര്‍,പ്രദീഷ് മാര്‍ട്ടിന്‍ ,ജോബിന്‍ മാണി, ക്ലീറ്റസ് ആന്റണി ,സജിമോന്‍ എന്നിവരാണ് അഭിനേതാക്കള്‍. നാടകം സംവിധാനം ചെയ്യുന്നത് അനു ജോസ്. സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്യുന്ന ഈ നാടകം മെല്‍ബണ്‍ മലയാളികള്‍ക്കു ഒരു പുതിയ അനുഭവം ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Advertisement