കെയ്‌റോ: മൂന്ന് ബില്യണ്‍ ഡോളറിന്റെ വായ്പ കരാറിന് ഈജിപ്തിലെ ഇടക്കാല സര്‍ക്കാരും അന്താരാഷ്ട്ര നാണയ നിധിയും (ഐ.എം.എഫ്) തമ്മില്‍ ധാരണയായി. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തിനകം ഈ തുക തിരിച്ചടക്കണമെന്നാണ് കരാറ്. 1.5 ശതമാനമായിരിക്കും പലിശ.

ഐ.എം.എഫിനോട് 12 ബില്യണ്‍ ഡോളറാണ് ഈജിപ്ത് സാമ്പത്തിക സഹായമായി ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തിക വ്യവസ്ഥയെ ക്രമീകരിക്കാനുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നടപടികളെ ഐ.എം.എഫ് പ്രശംസിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കലാപത്തിനു ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു രാജ്യം അഭിമുഖീകരിച്ചത്. കലാപത്തില്‍ മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് സ്ഥാനഭ്രഷ്ടനായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വിവിധ രാജ്യങ്ങളോട് ഈജിപ്ത് സാമ്പത്തിക സഹായം തേടിയിരുന്നു. സൗദി അറേബ്യ 4 ബില്യണ്‍ ഡോളറും ഖത്തര്‍ 10 ബില്യണ്‍ ഡോളറും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.