ന്യൂയോര്‍ക്ക് സിറ്റി: അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ഡൊമിനിക് സ്ട്രസ്സ് കാന്‍ അറസ്റ്റില്‍. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ ന്യൂയോര്‍ക്ക് പോലീസാണ് അറസ്റ്റു ചെയ്തത്. ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ച ബ്രസല്‍സില്‍ വച്ചു നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് അറസ്റ്റ്.

ഫ്രാന്‍സിലേയ്ക്കു പോകാനെത്തിയ കാനിനെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നു ന്യൂയോര്‍ക്ക് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷമെ ഇദ്ദേഹത്തിനെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുള്ളുവെന്ന് പോലീസ് പറഞ്ഞു. ഫ്രാന്‍സിന്റെ മുന്‍ ധനകാര്യമന്ത്രിയായിരുന്നു കാന്‍. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അദ്ദേഹം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത പരന്നിട്ടുണ്ട്. കാന്‍ മത്സരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിനു തൊട്ടു പിന്നാലെയാണ് പീഡിപ്പിച്ചുവെന്ന ആരോപണവുമായി ഹോട്ടല്‍ ജീവനക്കാരി രംഗത്തെത്തിയതും അറസ്റ്റും.