ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ നടപടികള്‍ നേരിട്ട മുന്‍ ഐ.എം.എഫ് മേധാവി ഡൊമനിക് സ്‌ട്രോസ്‌കാനെതിരായ കേസ് കോടതി തള്ളി. പരാതിക്കാരി നഫിസത്തു ദിയാലോയുടെ മൊഴിയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച പ്രോസിക്യൂട്ടര്‍മാര്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്.

ന്യൂയോര്‍ക്കില്‍ പ്രോസിക്യൂട്ടര്‍മാരുമായി കൂടിക്കാഴ്ചയ്ക്കു തങ്ങളുടെ കക്ഷിയെ വിളിപ്പിച്ചത് കേസ് തള്ളുന്നതിന്റെ സൂചനയാണെന്നു സംശയിക്കുന്നതായി ദിയാലോയുടെ അഭിഭാഷകര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരാതി നല്‍കിയ വീട്ടുജോലിക്കാരി പലവട്ടം മൊഴിമാറ്റി പറഞ്ഞിരുന്നു. ഇതിനു പുറമേ ഇവര്‍ക്ക് ക്രിമിനലുകളുമായും പണം കൊള്ളയടിക്കുന്നവരുമായും ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് കാനിന് ജാമ്യം നല്‍കുകയും പിന്നീട് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തിരുന്നു.