എഡിറ്റര്‍
എഡിറ്റര്‍
താന്‍ ഗൂഢാലോചനയുടെ ഇര: മെഹര്‍ തരാര്‍
എഡിറ്റര്‍
Monday 20th January 2014 12:06am

mehr-tarar

ഇസ്‌ലാമാബാദ്: താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് കേന്ദ്രമന്ത്രി ശശി തരൂരിനോടൊപ്പം വിവാദത്തില്‍പെട്ട പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍.

തരൂരിന്റെയും സുനന്ദയുടെയും വിവാഹജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ക്ക് താന്‍ ഉത്തരവാദിയെല്ലെന്നും മെഹര്‍ തരാര്‍ പാകിസ്താനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയില്‍ വെച്ചും ജൂണില്‍ ദുബൈയില്‍ വെച്ചുമാണ് തരൂരിനെ കണ്ടത്. നിറയെ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു അത്. ഗൂഗ്‌ളില്‍ പരതി നോക്കൂ, അവരുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ തന്നെ ആരംഭിച്ചുവെന്ന് മനസ്സിലാകും. ഞാന്‍ അവരുടെ ജീവിതത്തില്‍ ഇടപെട്ടിട്ടില്ല. ആ സമയത്ത് സുനന്ദക്ക് എന്നെ അറിയുക പോലുമില്ലായിരുന്നു’ തരാര്‍ പറയുന്നു.

‘ഞാന്‍ തരൂരിന്റെ പേര് ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന്  എന്നോട് സംസാരിക്കരുതെന്ന് സുനന്ദ തരൂരിനോട് നിര്‍ദേശിച്ചു. താന്‍ അറിയാത്ത ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ പുകഴ്ത്തിയത് ചിലപ്പോള്‍ സുനന്ദക്ക് ഇഷ്ടമായിട്ടുണ്ടാകില്ല. സുനന്ദ വിലക്കിയെങ്കിലും ട്വിറ്ററില്‍ തരൂര്‍ എന്നെ ഫോളോ ചെയ്തു.

ഫോണിലോ ഇമെയിലിലോ ഞാനുമായി തരൂര്‍ സംസാരിക്കുന്നതില്‍ സുനന്ദക്ക് എന്താണ് പ്രശ്‌നം എന്നെനിക്കറിയില്ലായിരുന്നു. തരൂരുമായി നടത്തിയ സംഭാഷണം ലോകത്ത് എവിടെവെച്ചും ആരോടും പറയാവുന്ന കാര്യങ്ങളായിരുന്നു’.

‘സുനന്ദ എനിക്കെതിരെ ആദ്യം രംഗത്തുവന്നത് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായി അഭിമുഖം നടത്തിയ ശേഷമാണ്. എന്തിനാണ് മുഖ്യമന്ത്രി പാക് മാധ്യമപ്രവര്‍ത്തകയോട് സംസാരിച്ചത്. പാകിസ്താന്‍ ആദ്യം സൈന്യത്തെ അയച്ചു, ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അയച്ചിരിക്കുന്നു എന്നാണ് ഇതേക്കുറിച്ച് സുനന്ദ ട്വിറ്ററില്‍ കുറ്റപ്പെടുത്തിയത്’.

ഇത് ഗൂഢാലോചനയാണെന്നും പാകിസ്താനിലിരിക്കുന്ന ഒരു സ്ത്രീക്ക് തരൂര്‍-സുനന്ദ വിവാഹ ബന്ധം നശിപ്പിക്കാനാകില്ലെന്നും മെഹര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement