എഡിറ്റര്‍
എഡിറ്റര്‍
ടെസ്റ്റ് ക്യാപ്റ്റനാകാന്‍ തയ്യാര്‍: ഗംഭീര്‍
എഡിറ്റര്‍
Saturday 2nd June 2012 9:21am

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഐ.പി.എല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. ഐ.പി.എല്ലിലെ മിന്നുന്ന വിജയത്തിനു ശേഷം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാപ്റ്റന്‍ എന്ന സ്ഥാനത്തേക്കാള്‍ ഉപരി ടീമിനാണ് പ്രാധാന്യമെന്നും ഗംഭീര്‍ പറഞ്ഞു.  ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. അതിനേക്കാള്‍ ഉപരി അതൊരു ചാലഞ്ച് ആണ്.

നമ്മള്‍ വ്യത്യസ്ത രീതിയിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടതായി വരും. അതിലൊന്നായി ഇതിനെയും കാണുന്നു. നമ്മുടെ സ്വഭാവത്തെയും നമ്മുടെ കഴിവുമാണ് അതില്‍ പ്രധാനം. മികച്ച ഒരു ക്യാപ്റ്റന്‍ ഉണ്ടെങ്കില്‍ മാത്രമേ മികച്ച ഒരു ടീം ഉണ്ടാവുകയുള്ളു. ക്യാപ്റ്റന്‍ നന്നായില്ലെങ്കില്‍ അത് ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിക്കും.

യഥാര്‍ത്ഥത്തില്‍ എനിയ്ക്ക് ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാന്‍ കഴിയാറില്ല. കാരണം ഞാന്‍ അതിനെ അത്ര ഗൗരവമായാണ് എടുത്തിട്ടുള്ളത്. ടീമിന്റെ വിജയം എന്നതുമാത്രമാണ് എനിയ്ക്ക് മുന്നിലുള്ള ലക്ഷ്യം. അതുകൊണ്ട് തന്നെ എനിയ്്ക്ക് കളിയെ നിസ്സാരമായി കാണാന്‍ സാധിക്കില്ല.

നമ്മള്‍ നന്നായി കളിച്ചില്ലെങ്കില്‍ പിന്നെ നമുക്ക് അവിടെ റോള്‍ ഇല്ല. അതുപോലെ തന്നെ ഗ്രൗണ്ടില്‍ പരാമവധി ശാന്തപ്രകൃതക്കാരനായി നില്‍ക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാകാനും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതും ഒരിക്കലും എന്റെ മാത്രം വിജയമല്ല. അത് ടീമിന്റെ മൊത്തം വിജയമാണ്. അതില്‍ ഒരു ഭാഗമാകാന്‍ എനിയ്ക്കും കഴിഞ്ഞു. അതില്‍ ഏറെ സന്തോഷിക്കുന്നു- ഗംഭീര്‍ വ്യക്തമാക്കി.

Advertisement