അപര്‍ണ നായരെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ‘കോക്‌ടെയ്‌ലി’ലെ ജയസൂര്യയുടെ വ്യത്യസ്തയായ ഭാര്യ മലയാളിയുടെ ഓര്‍മ്മയിലുണ്ട്. തനിക്ക് ലഭിച്ച ചെറിയ റോളുകളില്‍ കൂടി കഥാപാത്രത്തേയും അതോടൊപ്പം തന്നെ ചിത്രത്തേയും ശക്തമാക്കിയ നടിയാണ് അപര്‍ണ നായര്‍.

Ads By Google

താന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ലോഹിതദാസ് ‘നിവേദ്യ’ത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നിരുന്നാലും ‘ചായമുഖി’ എന്ന നാടകത്തിലെ പാഞ്ചാലിയുടെ വേഷം തന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് അപര്‍ണ. മോഹന്‍ലാല്‍, മുകേഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങളോപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്നും അപര്‍ണ പറയുന്നു.

‘കോക്‌ടെയ്ല്‍’, ‘ബ്യൂട്ടിഫുള്‍’ എന്നീ സിനിമകള്‍ തനിക്ക് സിനിമയെക്കുറിച്ച് മനസ്സിലാക്കാന്‍ അവസരം നല്‍കിയെന്നും സിനിമയോടുള്ള അഭിനിവേശം ഉയര്‍ത്താന്‍ ഇവ കാരണമായെന്നും അപര്‍ണ വ്യക്തമാക്കി.

ലീഡ് റോളുകള്‍ ചെയ്യാന്‍ തിരക്കില്ലെന്നും മികച്ച കഥാപാത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. അടുത്തിറങ്ങിയ ‘മല്ലുസിങ്’, ‘തട്ടത്തിന്‍ മറയത്ത്‌’, ‘റണ്‍ ബേബി റണ്‍’ തുടങ്ങിയ ചിത്രങ്ങളിലും ശക്തമായ കഥാപാത്രമായി അപര്‍ണയുണ്ട്.