ജയ്പൂര്‍: ബോക്‌സിംഗ് താരങ്ങള്‍ക്ക് പ്രായം ഒരു പ്രധാനഘടകമാണെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ വിജേന്ദര്‍സിംഗിന് അങ്ങനെ വിശ്വസിക്കാന്‍ കഴിയില്ല. കാരണം 46 ാം വയസ്സിലാണ് പ്രശസ്ത ബോക്‌സര്‍ ബെര്‍നാര്‍ഡ് ഹോപ്കിന്‍സ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

ലണ്ടന്‍ ഒളിംപിക്‌സില്‍ തയ്യാറെടുക്കുന്ന ബോക്‌സിംഗ് താരങ്ങള്‍ക്കെല്ലാം ബെര്‍നാര്‍ഡ് ഒരു പാഠമായിരിക്കണമെന്നും വീജേന്ദര്‍ പറയുന്നു. അത്ര പ്രായമായിട്ടും അദ്ദേഹത്തിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് തന്നെപ്പോലുള്ളവര്‍ക്ക് അതിന് കഴിയില്ലെന്നും വീജേന്ദര്‍ ചോദിക്കുന്നു.

ലണ്ടന്‍ ഒളിംപിക്‌സിനായുള്ള തയ്യാറെടുപ്പില്‍ പട്യാലയില്‍ പരിശീലനത്തിലാണ് വീജേന്ദര്‍.” ഇവിടെ പരിശീലനം നന്നായി നടക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് ഞാന്‍ ഒളിംപിക്‌സ് സ്വപ്‌നത്തിന് അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു മെഡല്‍നേട്ടം ലണ്ടന്‍ ഒളിംപിക്‌സിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍”.

2010 ല്‍ ദല്‍ഹിയില്‍ വെച്ചുനടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ കൊണ്ട് വീജേന്ദറിന് തൃപ്തിപ്പെടേണ്ടി വന്നപ്പോല്‍ ഗ്യാന്‍ചൂവില്‍ വെച്ചുനടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടി പകരം വീട്ടിയിരുന്നു.