തിരുവനന്തപുരം: പരസ്യ ബോര്‍ഡുകള്‍ക്കും ഹോര്‍ഡിങ്‌സുകളിലും വൈദ്യുതി ദീപാലങ്കരങ്ങള്‍ക്കുമുള്ള വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമീഷനെ സമീപിച്ചു.

Ads By Google

യൂണിറ്റിന് 12.50 രൂപയായി വൈദ്യുതി വിലയും അഞ്ച് രൂപ വീതം ഫിക്‌സഡ് ചാര്‍ജും ഈടാക്കണമെന്നാണ് ആവശ്യം. ദീപാലങ്കാരങ്ങള്‍ നിയന്ത്രിക്കാന്‍ നേരത്തെ റെഗുലേറ്ററി കമീഷന്‍ ഉത്തരവിട്ടിരുന്നു.

അടുത്ത വര്‍ഷത്തെ നിരക്ക് വര്‍ധന സംബന്ധിച്ച് നേരത്തെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് കഴിഞ്ഞ ദിവസം ഈ നിര്‍ദേശങ്ങള്‍ കൂടി ബോര്‍ഡ് സമര്‍പ്പിച്ചത്.

ഒരു യൂണിറ്റ് വൈദ്യുതിക്ക് പ്രസരണ നിരക്കായി 39പൈസയും വീലിങ് ചാര്‍ജായി 82 പൈസയും ഇതിന് പുറമെ ക്രോസ് സബ്‌സിഡിയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കണം.

ക്രോസ് സബ്‌സിഡി വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായിരിക്കും.  എക്‌സ്ട്രാ ഹൈടെന്‍ഷന് 66 കെ.വി വരെ യൂനിറ്റിന് 1.01 രൂപയും ഇ.എച്ച്.ടി 110 കെ.വി വരെ യൂനിറ്റിന് 90 പൈസയും നല്‍കണം.

നിരവധി ഉപഭോക്താക്കളുടെ കാറ്റഗറിയില്‍ മാറ്റം വരുത്താനും ബോര്‍ഡ് ആവശ്യപ്പെട്ടു. ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി ഉപഭോഗം അളക്കാനും പ്രത്യേക നിരക്ക് ഈടാക്കാനും നടപടി വേണം.

ഐ.ടി വ്യവസായ യൂനിറ്റുകള്‍, സര്‍ക്കാര്‍സര്‍ക്കാര്‍ അംഗീകൃത ഐ.ടി. പാര്‍ക്കുകള്‍, അക്ഷയ ഇസെന്ററുകള്‍ എന്നിവയെ ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ നിന്ന് ലോടെന്‍ഷന്‍ വിഭാഗത്തിലേക്ക് നിരക്ക്  മാറ്റാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.